ഓപ്പറേഷൻ പി ഹണ്ട്; ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ വടകര സ്വദേശി അറസ്റ്റിൽ
കോഴിക്കോട് :ഓപ്പറേഷൻ പിഹണ്ട്; ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ വടകര സ്വദേശി അറസ്റ്റിൽ. വടകര എടച്ചേരി ചെട്ടിയാംവീട്ടിൽ വിജിത്ത് (30) ആണ് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്. കോവൂരിൽ ഹെയർ ട്രാൻസ്‌പ്ളാന്റേഷൻ ഷോപ്പിലെത്തിയ ഇയാൾ ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് പിടിയിലായത്.
കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താൻ സംസ്ഥാനവ്യാപകമായി പോലീസ് നടത്തുന്ന ഓപ്പറേഷൻ പിഹണ്ടിന്റെ ഭാഗമായി സൈബർസെല്ലിന് ലഭിച്ച വിവരത്തെത്തുടർന്നാണ് വിജിത്ത് പിടിയിലായത്. ഇയാളിൽനിന്നും പിടിച്ചെടുത്ത മൊബൈലിൽനിന്നും ഒട്ടേറെ തെളിവുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഐ.ടി. ആക്ട് 67 ബി പ്രകാരമാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. മൊബൈലിലെ ചിത്രങ്ങളും മറ്റും പരിശോധിച്ചശേഷം ആവശ്യമെങ്കിൽ പോക്‌സോ കേസ് ഉൾപ്പെടുത്തുമെന്ന് മെഡിക്കൽകോളേജ് എസ് ഐ റസൽരാജ് അറിയിച്ചു.