മോഷണ കേസ് പ്രതി അറസ്റ്റില്‍

കോഴിക്കോട്∙ വീടുകളിൽ ഉറങ്ങിക്കിടക്കുന്നവരുടെ ആഭരണങ്ങൾ ജനലിലൂടെ മോഷണം നടത്തുന്നയാൾ പിടിയിൽ. നൂറോളം മോഷണ കേസുകളിൽ പ്രതിയായ കണ്ണാടിക്കൽ ഷാജിയെ(40) ആണ് നടക്കാവ് എസ്ഐ എസ്.ബി.കൈലാസ് നാഥും സിറ്റി ക്രൈം സ്ക്വാഡും ചേർന്നു പിടികൂടിയത്.

വീട്ടിൽ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങൾ ജാലകം വഴി മോഷ്ടിക്കുന്നതാണ് ഷാജിയുടെ രീതി. കഴിഞ്ഞ ദിവസം രാത്രി കൊട്ടാരം റോഡിലുള്ള വീട്ടിൽനിന്നു മോഷ്ടിച്ച ഐ ഫോൺ സഹിതമാണ് ഷാജി പിടിയിലായത്. വീട്ടിലെ ജാലകത്തിന്റെ കൊളുത്ത് തുറന്നാണ് ഐഫോണും മോഷ്ടിച്ചത്.

നഗരത്തിൽ മോഷണം വർധിച്ച സാഹചര്യത്തിൽ സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ രാത്രി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുൻകാല മോഷണ കേസുകളിലെ പ്രതികളെ നിരീക്ഷിച്ചു വരികയുമാണ്.

ജാലകം തുറന്ന് മോഷണം നടത്തിയ വിവിധ കേസുകളിൽ ഈ രീതി പിന്തുടരുന്ന ഷാജിയെക്കുറിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തു നിന്നാണ് പിടികൂടിയത്.

Comments

COMMENTS

error: Content is protected !!