ഓൺലൈൻ ചൂതാട്ടത്തിന്റെ വലയിൽപെട്ടാണ് ബിജീഷ ജീവനൊടുക്കിയതെന്ന് ക്രൈംബ്രാഞ്ച്. അമ്പരപ്പ് മാറാതെ ജനങ്ങൾ
കൊയിലാണ്ടി: ദുരൂഹമായ സഹചര്യത്തിൽ ആത്മഹത്യചെയ്ത ചേലിയയിലെ ബിജിഷയെ മരണത്തിൽ അഭയം തേടാൻ പ്രേരിപ്പിച്ചത്, ഓൺലൈൻ റമ്മികളിയാണെന്ന് അവസാനം കൈംബ്രാഞ്ച് കണ്ടെത്തി. ഓൺലൈൻ റമ്മികളിയിലൂടെ ഇവർക്ക് നഷ്ടപ്പെട്ടത് ഇരുപത് ലക്ഷത്തോളം രൂപയാണെന്നാണ് കൈബ്രാഞ്ചിന്റെ ഇപ്പോഴത്തേ നിഗമനം. രണ്ട് മാസം കൊണ്ട് മാത്രം ഒന്നേമുക്കാൽ കോടിയുടെ ഇടപാടുകൾ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി ഇവർ നടത്തിയതിന്റെ വിശദാംശങ്ങൾ കലിക്കറ്റ് പോസ്റ്റ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഓൺലൈൻ റമ്മികളിയിൽ ബിജിഷയുടെ കൂട്ടുകാരനായിരുന്ന ഒരാളെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണ സംഘം ഈ നിഗമനത്തിലെത്തിയത്.
എന്നാൽ റമ്മികളിക്കായി ബിജീഷ പണം നിക്ഷേപിച്ചിരുന്ന എകൗണ്ടിലേക്ക് പ്രവേശിക്കാനുള്ള അന്വേഷണ സംഘത്തിന്റെ ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. അതിന് കഴിഞ്ഞെങ്കിൽ മാത്രമേ ഈ ചൂതാട്ടത്തിന്റെ വിശദാംശങ്ങൾ പുറത്തു വരൂ. ബിജിഷയുടെ പണം തട്ടിയവരും വായ്പ നൽകിയവരുമായി ധാരാളം പേരുണ്ടാകാമെങ്കിലും ഇവരുടെ മരണത്തിന് ശേഷം ആരും കിട്ടാനുള്ള പണത്തിനായി കുടുംബത്തെ ബന്ധപ്പെടാത്തതിന് പിന്നിലും ദുരൂഹതയുള്ളതായി ക്രൈംബ്രാഞ്ച് കരുതുന്നു. മുച്ചീട്ടുകളിയിലെ തന്ത്രങ്ങൾ തന്നെയാണ് ഇരകളെ കളിയിലേക്കാകർഷിക്കാൻ ഓൺലൈൻ റമ്മികളിസംഘങ്ങളും അനുവർത്തിക്കുന്നത് എന്ന് വെളിവായിട്ടുണ്ട്. ആദ്യമാദ്യം കളിയിൽ ബിജീഷക്ക് മോശമല്ലാത്ത തുക ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ലക്ഷങ്ങൾ നഷ്ടപ്പെടുകയായിരുന്നു.
വിദ്യാസമ്പന്നയെങ്കിലും ഒരു നാട്ടിൽ പുറത്തുകാരിയായ ബിജിഷയെ ഈ സംഘത്തിലെത്തിച്ചതാര്, അതിനുള്ള നെറ്റ് വർക്ക് സംവിധാനങ്ങളെന്ത് എന്നിവയൊക്കെ വിശദമായി അന്വേഷിച്ച് പുറത്തു കൊണ്ടുവരാനുള്ള ബാദ്ധ്യത ഇപ്പോൾ സംസ്ഥാന പോലീസിന്റെ ചുമലിലാണ്. കൂടുതൽ അന്വഷണം നടന്നുവരികയാണെന്ന് മാത്രമേ ഇപ്പോൾ ക്രൈം ബ്രാഞ്ച് അധികൃതർ വെളിപ്പെടുത്തുന്നുള്ളൂ. വാർത്ത അറിഞ്ഞതോടെ ചേലിയ പ്രദേശത്തെ ജനങ്ങൾ മാത്രമല്ല മലയാളികളാകെ അമ്പരന്നുപോകുന്ന അത്രയും ദുരൂഹമായ വഴികളിലൂടെയാണ് ചൂതാട്ട സംഘങ്ങൾ, നാട്ടിൻ പുറങ്ങളിലെ സ്ത്രീകളെപ്പോലും വലയിലാക്കുന്നത്. ഈ സംഘത്തിന്റെ വലയിൽ കുടുങ്ങി ജീവനൊടുക്കേണ്ടി വരുന്ന, അടുത്ത ഇരയാരായിരിക്കും എന്ന ചോദ്യവും പ്രസക്തമായി ഉയർന്നു വരുന്നുണ്ട്. ബിജിഷയുടെ മരണത്തിന് പിന്നിലെ ദുരൂഹതകൾ നീക്കണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ഏക്ഷൻ കമ്മറ്റി തുടർ പ്രവർത്തനങ്ങൾ ആലോചിക്കാൻ ഉടനെ യോഗം ചേരുമെന്നറിയിച്ചിട്ടുണ്ട്.