ഓർക്കുക; നാഴികമണികളിലെ സൂചികൾ ഒരേ ദിശയിൽ ഒരു പോലെ ചലിക്കുന്ന ഒരു കാലമുണ്ടാവില്ല. അന്ന് കാലം തന്നെയുണ്ടാവില്ല
ഭിന്നശേഷിക്കാരായ മക്കളെ പരിചരിക്കുന്നത് മഹാഭാഗ്യമായി കരുതുന്ന സമൂഹങ്ങളേക്കുറിച്ചും ഗ്രാമത്തിലെ ഒരുപാട് അമ്മമാരും അച്ഛന്മാരും ഊഴമിട്ട് ഇത്തരം മക്കളെ ശുശ്രൂഷിക്കുന്നതുമൊക്കെ ഞാനെവിടെയോ വായിച്ചതോർത്തു. പക്ഷേ നമുക്കറിയാവുന്നത് സഹതപിക്കാൻ മാത്രമാണ്. അതും ക്യാമറകൾക്ക് മുമ്പിൽ മാത്രം.
-എൻ വി ബാലകൃഷ്ണൻ
അയൽപ്പക്കത്തെ ഹൈറൂന്റെ ഉമ്മ മരിച്ചിട്ട് ഏതാണ്ട് ഒരാഴ്ചയായി. ആ വീട്ടിലൊന്ന് കയറിച്ചെല്ലൽ ഒരു മര്യാദയുടെ പ്രശ്നമാണ്. നാട്ടുനടപ്പ് അങ്ങിനെയൊക്കെയാണെല്ലോ. ഓരോ ദിവസവും ശാന്തയോട് പറയും ‘ഇന്ന് പോണം, പലവിധ തിരക്കുകൾ കാരണം പറ്റുന്നേയില്ല. ഒന്നുകിൽ അവൾക്ക് പറ്റില്ല. അല്ലങ്കിൽ എനിക്ക് പറ്റില്ല. പകലാണെങ്കിൽ ബൈക്കോടിച്ച് അത്രയും ദൂരം പോകുന്നത് ചിന്തിക്കാനേ കഴിയുന്നില്ല. മനുഷ്യർ ഉരുകിത്തീരുന്ന ചൂടും വെയിലും. നല്ല മഴക്കാറും ചുട്ടെരിക്കുന്ന ചൂടുമുണ്ടെങ്കിലും വെയിലിത്തിരി കുറഞ്ഞപ്പോൾ, നന്തിക്കും ഇരുപതാം മൈലിനുമിടയിലെ ഹൈറൂന്റെ വീടന്വേഷിച്ച് പുറപ്പെട്ടു.
അനിയന്റെ ഭാര്യവീടിനടുത്താണ് ഹൈറൂന്റെ വീട്. വഴിയൊന്നും അന്വേഷിച്ചില്ല. നന്തി മേൽപ്പാലം കഴിഞ്ഞ് കുറച്ച് മുന്നോട്ടു പോയി. ഒന്നും മനസ്സിലാകുന്നില്ല. റോഡിന്റെ കിഴക്ക് ഭാഗം ഒരാൾ പൊക്കത്തിൽ മണ്ണിട്ടുയർത്തി നിരപ്പാക്കി ദേശീയപാത വീതി കൂട്ടുന്ന പണി നടക്കുകയാണ്. ഇരു ഭാഗത്തും മരങ്ങളും കെട്ടിടങ്ങളുമൊക്കെ പൊളിച്ച് നിരത്തിയിട്ടുണ്ട്. വശങ്ങളിലേക്കുള്ള വഴികളും ഇടറോഡുകളുമൊന്നും കണ്ടുപിടിക്കാൻ പറ്റുന്നേയില്ല. ഇതേത് നാട് എന്നാരും ചോദിച്ചു പോകും. പാതയോരത്ത് വണ്ടി നിർത്തി വഴിയന്വേഷിക്കുമ്പോൾ പ്രായമായ ഒരാൾ മുകളിലൂടെ നടന്നു വന്നു. അയാൾ ഒന്ന് ചിരിച്ച് പരിചയം വരുത്തി ചോദിച്ചു. എങ്ങോട്ട് പോകാനാ? “മരിച്ചവീട്, ഹൈറൂന്റെ ഉമ്മാന്റെ.” “ഓ ആടെപ്പൊ ഒരാഴ്ച കഴിഞ്ഞില്ല? ഓരൊക്കെ പിരിഞ്ഞ് കാണില്ലേ? ഇതിലെക്കൂടിയൊന്നും ഇപ്പോ അങ്ങോട്ട് പോകാനാവില്ല. നിങ്ങള് നന്തീന്നേ മുകളിലൂടെ വരേണ്ടതായിരുന്നു. ഇനിയിപ്പം ഒന്നുകിൽ തിരിച്ച് നന്തീപ്പോയി മുകളിലൂടെ വരണം. അല്ലെങ്കിൽ വണ്ടി ഇവിടെ വെച്ച് മുകളിലോട്ട് കയറി നടന്ന് പോണം. ഒരാൾ പൊക്കൊണ്ട് കയറ്റം. ഇങ്ങക്ക് രണ്ടാക്കും കയറാൻ പ്രയാസാവും.” പ്രായമായി എന്ന് സമ്മതിക്കാൻ മനസ്സ് സമ്മതിക്കാത്തത് കൊണ്ട് വണ്ടിയവിടെ വെച്ച് കയറിപ്പോകാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.
ആരൊക്കെയോ കയറി പതം വന്ന ഒരിടത്തുകൂടെ ഞങ്ങൾ വലിഞ്ഞ് മുകളിലോട്ട് കയറി. അയാളും കൈപിടിച്ച് സഹായിച്ചു. മുകളിലെത്തിയപ്പോൾ കിഴക്കോട്ടിറങ്ങേണ്ട വഴി കാണിച്ചു തന്നു. അയാളോട് നന്ദി പറഞ്ഞു. അദ്ദേഹം വീണ്ടും പറഞ്ഞു: ഇറങ്ങുമ്പോൾ നല്ലോണം സൂക്ഷിക്കണം. കയറുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് ഇറങ്ങാൻ. താഴോട്ട് തെന്നി വീഴും. നേരെ വാഹനത്തിന്റെ മുമ്പിലാകും. യാത്ര പറഞ്ഞ് കിഴക്ക് ഭാഗത്തേക്ക് നടന്നു. ഇട റോട്ടിലേക്കിറങ്ങി. ഇടതുഭാഗത്തെ ആദ്യത്തെ വീട്ടിന്റെ മുറ്റത്ത് എന്തെല്ലാമോ ചാർട്ടുകളും മറ്റും തൂക്കിയിട്ടിരിക്കുന്നു. ഡെസ്കുകളിൽ കുറേ പുസ്തകങ്ങൾ നിരത്തിവെച്ചിരിക്കുന്നു. ഒരു കൗതുകത്തിന് അങ്ങോട്ടു നോക്കുന്നതിനിടയിൽ മെലിഞ്ഞ് നീണ്ട ഒരാൾ വഴിയിലേക്ക് ഇറങ്ങി വന്നു. “സാർ… സമയമുണ്ടെങ്കിൽ ഒന്ന് കയറിക്കണ്ട് പോകാം. എന്റെ മകളുടെ പേരിലുള്ള ഹോം ലൈബ്രറിയുടെ ഉദ്ഘാടനമാണ്.” ആ സാർ വിളി എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. എന്തുകൊണ്ടോ ഒരാൾ സാർ എന്ന് സംബോധന ചെയ്യുന്നത് എനിക്ക് വളരെ അരോചകമായാണ് തോന്നാറുള്ളത്. കഴിയാവുന്നതും മറ്റുള്ളവരെ സാറെന്ന് വിളിക്കാതിരിക്കാനും ശ്രമിക്കാറുണ്ട്. “മരിച്ച വീട്ടിലേക്കാണ് തിരിച്ചു വരുമ്പോൾ കയറാം.” അയാൾ വഴി കാണിച്ചുതന്നു. ഞങ്ങൾ വേഗം നടന്നു. നടക്കുന്നതിനിടയിൽ ശാന്തയോട് പറഞ്ഞു. ഇതിപ്പോ ഒരു ഫാഷനായിരിക്കുന്നു. സ്വന്തം വീട്ടിലെന്തെങ്കിലും ലൊട്ട്ലൊട്ക്ക് പരിപാടി സംഘടിപ്പിക്കുക. ഫെയ്സ്ബുക്കിലൊക്കെ പടമെടുത്തിട്ട് എന്തെങ്കിലുമൊക്കെ എഴുതിവിടുക. ഒരോരുത്തരും ആളാകാൻ ചെയ്യുന്ന പണികളാണ്. തിരിച്ചു വരുമ്പോൾ നൈസ്സായി സ്ലിപ്പാകണം. സമയം ഇപ്പോൾ തന്നെ വൈകി. വേഗം പോണം. ഹൈറുവിന്റെ വീട്ടിലെത്തി അവരേയും ബന്ധുക്കളേയുമൊക്കെ കണ്ട് അനുശോചനമറിയിച്ചു. പെട്ടെന്ന് തന്നെ ഇറങ്ങി.
തൊട്ടടുത്താണ് ജീവാനന്ദൻ മാസ്റ്ററുടെ വീട്. അവിടെക്കയറി കോളിംഗ് ബെല്ലടിച്ചെങ്കിലും ഒരു പ്രതികരണവുമില്ല. ആളില്ലെന്ന് തോന്നുന്നു. വേഗം പുറത്തിറങ്ങി തിരിച്ചു നടന്നു. പഴയസ്ഥലത്തെത്തിയപ്പോൾ ആ മെലിഞ്ഞ് നീണ്ട മനുഷ്യൻ അവിടെ ത്തന്നെ ചിരിച്ചു കൊണ്ടു നിൽക്കുന്നു. അയാൾ വീണ്ടും പറഞ്ഞു. “സാറിനേയും ടീച്ചറേയും എനിക്ക് നേരത്തെയറിയാം. ഒന്ന് കണ്ട് പോകാം സാർ.” ആ സാർ വിളി എന്റെ തൊലി പൊളിക്കുന്നതായി എനിയ്ക്ക് തോന്നി. രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ല. അയാളോടൊപ്പം ഞങ്ങൾ വീട്ടിലേക്ക് നടന്നു. ഒരു ചെറിയ മനോഹരമായ വീട്. വീട്ട് മുറ്റത്ത് ഡെസ്കുകളിൽ നിരത്തിവെച്ച പുസ്തങ്ങൾ. “ഇതൊകെ ഭിന്നശേഷി കാരായ എഴുത്തുകാരുടേയോ ഭിന്നശേഷിക്കാരെക്കുറിച്ച് എഴുതിയ പുസ്തകങ്ങളോ ആണ് സാർ. എന്റെ കലക്ഷൻ ആണ്.” നൂറോളം പുസ്തകങ്ങൾ. സൈമൺ ബ്രിട്ടോയുടെ ചിത്രമുള്ള പുസ്തകങ്ങൾ വെറുതെയൊന്നെടുത്ത് മറിച്ചു നോക്കി. ഇതിലെന്തിരിക്കുന്നു എന്ന് മനസ്സ് പറഞ്ഞു.
തൊട്ടടുത്തായി കുറേയധികം മരുന്നു കുപ്പികൾ ചായം തേച്ചും ചിത്രം വരച്ചും ഒരു ഇൻസ്റ്റലേഷൻ പോലെ ക്രമീകരിച്ച് തൂക്കിയിട്ടിരിക്കുന്നു. “ഇതൊക്കെ മകൾ അപസ്മാരത്തിന് കഴിക്കുന്ന മരുന്നിന്റെ കുപ്പികളാണ് സാർ.” ഞാനാ മനുഷ്യനെ അല്പം സഹാനുഭൂതിയോടെ നോക്കി. സ്വന്തം മകൾക്ക് അപസ്മാര ചികിത്സയ്ക്ക് നൽകിയ മരുന്നുകളുടെ കുപ്പികൾ കളയാതെ ശേഖരിച്ച് വെച്ച് ചായം തേച്ച് ഇൻസ്റ്റലേഷൻ ഒരുക്കുന്ന ഒരു പിതാവ്.
വീണ്ടും അയാൾ പറഞ്ഞു കൊണ്ടിരുന്നു “ഇവയൊക്കെ ഞാൻ സഞ്ചരിച്ച രാജ്യങ്ങളുടേയും മറ്റും സ്റ്റാമ്പുകളാണ്. വെറുതെ ഒരു സ്റ്റാമ്പ് കലക്ഷൻ.” നിങ്ങൾ ജോലി ചെയ്യുന്നത് വിദേശത്താണോ? “അതേ സാർ. പക്ഷേ ഇപ്പോൾ ജോലിക്ക് പോകാൻ കഴിയുന്നില്ല. ഭാര്യക്ക് മാത്രമായി മക്കളെ പരിചരിക്കാനാവില്ല. അത് കൊണ്ട് ജോലി മതിയാക്കി നാട്ടിൽ തന്നെ നിൽക്കുകയാണ്.” അപ്പോഴേക്കും തൊട്ടടുത്തായി പാനൽ ബോഡുകളായി ലാമിനേറ്റ് ചെയ്ത കുറേ പത്രവാർത്തകൾ കാണിച്ചു തന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ അതിജീവനവുമായി ബന്ധപ്പെട്ട പത്രവാർത്തകളൊക്കെ ശേഖരിച്ച് ലാമിനേറ്റ് ചെയ്ത് സൂക്ഷിച്ചതാണ്. തൊട്ടടുത്തായി ഇന്ത്യയിലെ സെന്റ്രൽ യൂനിവേഴ്സിറ്റികളിൽ ബിരുദപ്രവേശനത്തിന് അപേക്ഷികേണ്ട പ്രൊസീജിയറുകളാണ് പ്രദർശിപ്പിച്ചിരുന്നത്. “ആർക്കെങ്കിലും പ്രയോജനം ചെയ്യുമെങ്കിൽ ആകട്ടെ എന്ന് കരുതി വെച്ചതാണ്. ഇന്ന് അപേക്ഷയയ്ക്കാനുള്ള അവസാന തിയ്യതിയാണ് സാർ.” അയാൾ വീണ്ടുമോരോന്ന് കാണിച്ചു തന്നു കൊണ്ടിരുന്നു.
ഭിന്നശേഷിക്കാരുടെ പലതരം രോഗങ്ങൾ, അവരെ പരിചരിക്കേണ്ട വിധം, അവരുടെ സംഘടനകൾ, അവർക്ക് ലഭിക്കുന്ന സഹായങ്ങൾ, അവരുടെ പരിരക്ഷാ നിയമങ്ങൾ അങ്ങിനെയങ്ങിനെ പലതും. മനസ്സിൽ ആ മനുഷ്യനോട് എന്തെന്നില്ലാത്ത ആദരവ് തോന്നിത്തുടങ്ങിയിരുന്നു. ഞാൻ ശാന്തയുടെ മുഖത്തേക്ക് നോക്കി. അവളും എന്റെ അതേ അവസ്ഥയിലായിരുന്നു. “മകളെയൊന്ന് കാണാമോ?” അവൾ പതിയെ ചോദിച്ചു. “എന്താ സംശയം കാണാലോ, ഇന്നവളുടെ പേരിലുള്ള ഹോം ലൈബ്രറിയുടെ ഉദ്ഘാടനമായിരുന്നു.” അയാൾ ഞങ്ങളെക്കൂട്ടി മെല്ലെ അകത്തേക്ക് കയറി. സ്വീകരണ മുറിയിൽ പുത്തനുടുപ്പിട്ട ഒരു കൊച്ചു മാലാഖ. അവൾക്കരികിലായി അവളുടെ ഉമ്മ. ദൃഷ്ടികൾ ഒരിടത്തും ഉറക്കുന്നില്ല. വായിൽ നിന്ന് ഉമിനീർ ഒലിച്ചിറങ്ങുന്നത് ഉമ്മ അപ്പപ്പോൾ തുടച്ചു കളയുന്നു. ഞാനാ കുഞ്ഞിനെ അല്പനേരം നോക്കി നിന്നു. ഉമ്മയോട് ചോദിച്ചു; മകൾക്കെത്ര വയസ്സായി? പതിനെട്ട്. ഉമ്മയുടെ ഉത്തരം ഉടനെ വന്നു. അപ്പോൾ എന്റെ മുമ്പിലിരിക്കുന്നത് ഒരു കുഞ്ഞാണ് എന്നെങ്ങിനെ പറയും? യഥാർത്ഥത്തിൽ കൗമാരം പിന്നിടുന്ന ഒരു യുവതി. പക്ഷേ അതനുസരിച്ച ശാരീരിക മാനസിക വളർച്ചയില്ല. ജീവിതവഴിയിലെപ്പോഴൊ കാലത്തിൽ മരവിച്ചു പോയ ഒരു പെൺകുട്ടി. എന്റെ നോക്കിലോ വാക്കിലോ ഒരു സഹതാപസ്പർശവുമില്ലാതിരിക്കാൻ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതുവരെ അവരുടെ പേര് ചോദിച്ചിരുന്നില്ല. യൂസഫ് എന്നാണയാളുടെ പേര്. സൈമ ഭാര്യയും. നിങ്ങൾക്ക് ഈയൊരു മകൾ മാത്രമേയുള്ളൂ? “അല്ല രണ്ട് കുട്ടികൾ കൂടിയുണ്ട്. മൂത്ത മകൻ വൃക്കരോഗിയാണ് രണ്ട് ദിവസത്തിലൊരിക്കൽ ഡയാലിസിസ് ചെയ്യണം. ഇനിയുമൊരു മകൾ, ഷെദയുടെ ചേച്ചി, വിവാഹിതയാണ്. നാദാപുരത്ത് ഭർത്താവിനൊപ്പം താമസിക്കുന്നു.” മകളുടെ രോഗാവസ്ഥ ശ്രദ്ധയിൽപ്പെട്ടതെപ്പോഴാണ്? “ഒരു വയസ്സായി കാണും. അപസ്മാര ലക്ഷണങ്ങളാണ് ആദ്യം കണ്ട് തുടങ്ങിയത്. പിന്നെ കയ്യുകളുടെ ചലനം ,നോട്ടം ഒക്കെ തകരാറിലാവാൻ തുടങ്ങി. വിദഗ്ധ പരിശോധനയിൽ പെൺകുട്ടികളിൽ മാത്രം കാണുന്ന അപൂർവ്വ ജനിത രോഗമായ റെറ്റ് സിൻഡ്രോം( Rett Syndrome) ആണെന്ന് മനസ്സിലായി. നാഡീവ്യൂഹത്തെ ബാധിക്കുന്ന ‘ന്യൂറോ ഡെവലപ്പ്മെന്റൽ ഡിസോർഡർ, എന്ന് വൈദ്യശാസ്ത്രം വിളിക്കുന്ന അവസ്ഥ. രോഗവിമുക്തി അസാദ്ധ്യമാണെന്നുമറിയാം. ഇതൊക്കെ പറയുമ്പോഴും യൂസഫിന്റെ മുഖത്ത് പുഞ്ചിരിയുണ്ടായിരുന്നു.
അയാൾ ഭാര്യയോടൊത്ത് തങ്ങളുടെ മക്കളെ ശുശ്രൂഷിക്കുകയാണ്. ജീവിതം പൂത്ത് നിന്ന യൗവനത്തിൽ മണലാരണ്യങ്ങളിൽ പണിയെടുത്ത് സമ്പാദിച്ചത് കൊണ്ട് അരിഷ്ടിച്ച് ജീവിക്കുന്നു. ജീവിതത്തിന്റെ ശിഷ്ടകാലം ഇതാണ് തങ്ങളുടെ ചുമതല എന്നയാൾ തിരിച്ചറിയുന്നു. മക്കളുടെ മുഖത്ത് സന്തോഷത്തിന്റെ ലാഞ്ചനയെങ്കിലുമുണ്ടാകുന്നുണ്ടോ എന്നവർ നോക്കി കൊണ്ടിരിക്കുന്നു. സന്തോഷത്തിന്റെ മിന്നലാട്ടങ്ങൾ കാണുമ്പോൾ മതി മറന്ന് ആഹ്ലാദിക്കുന്നു. ഷെദ എന്നാണ് മകളുടെ പേര്. അവളുടെ പേരിലൊരു ഹോം ലൈബ്രറി സ്ഥാപിക്കാനുള്ള പരിശ്രമം വിജയിച്ചതിന്റെ സന്തോഷത്തിലായിരുന്നു അന്ന്. ഹോം ലൈബ്രറി ഷെദയുടെ പ്രായക്കാരായ കുട്ടികൾക്ക് ഉപകാരപ്രദമാകണം എന്ന് ആ ആച്ഛൻ ആഗ്രഹിക്കുന്നു. ഉമ്മ സൈമയും ഇതിലൊക്കെ ആഹ്ലാദം കണ്ടെത്തുന്നു. കമ്പ്യൂട്ടറും നെറ്റുമൊക്കെ വ്യാപകമായ കാലത്ത്, സെൻട്രൽ യൂണിവേഴ്സിറ്റികളിലെ ബിരുദ പരീക്ഷക്ക് അപേക്ഷിക്കാനുള്ള കാര്യങ്ങൾ സ്വന്തം വീട്ടുമുറ്റത്ത് പ്രദർശിപ്പിക്കുന്ന ഇയാൾ ഒരു പോഴനാണോ എന്ന് നിങ്ങൾക്ക് ചോദിക്കാം. കാരണം നാം തലച്ചോറുപയോഗിച്ചാണ് ചിന്തിക്കുന്നത്. യൂസഫ് അങ്ങിനെയല്ല; ഹൃദയം കൊണ്ട് ചിന്തിക്കുന്നു. അയാൾക്ക് അങ്ങിനെയേ പറ്റൂ. അങ്ങിനേയേ അദ്ദേഹത്തിന് ജീവിക്കാനാവൂ.
ഷെദ അസുഖ ബാധിതയല്ലായിരുന്നെങ്കിൽ അവളിപ്പോൾ ബിരുദ പഠനത്തിന് തെയാറെടുക്കുന്ന പ്രായമായിരിക്കും. മകൾക്ക് വേണ്ടി ആ അച്ഛൻ ഇപ്പോൾ സർവ്വകലാശാലകളും എൻട്രൻസ് പരീക്ഷകളുമൊക്കെയായി ഓടി നടക്കുകയാവും. തന്റെ മകളുടെ സമപ്രായക്കാരായ നമ്മുടെ മക്കളെ യൂസഫ് ഓർമ്മിപ്പിക്കുകയാണ്. ‘ഇത് നിങ്ങൾ ബിരുദ പഠനത്തിന് തയാറെടുക്കേണ്ട സമയമാണ്.’ യൂസഫിന് ജീവിക്കേണ്ടത് സ്വന്തം മകളോടൊത്ത് മാത്രമല്ല നമ്മളോടൊത്തുമാണ്; നമ്മളുടെ മക്കളോടൊപ്പവുമാണ്. അങ്ങിനേയേ യൂസഫിനും സൈമക്കും ജീവിക്കാനാവൂ. പക്ഷേ അപ്പോഴുമൊന്നുണ്ട്; അത് തിരിച്ചറിയേണ്ട നമ്മൾ-സമൂഹം- അത് തിരിച്ചറിയുന്നുണ്ടോ?
യൂസഫ് തിരക്കിലാണ്. അൻപതിലധികം കേന്ദ്രങ്ങളിൽ അദ്ദേഹം ഇതിനകം കൊച്ചു പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിലും, മലബാർ കൃസ്ത്യൻ കോളേജിലും ഫറൂഖ് കോളേജിലുമുൾപ്പെടെ ധാരാളം കേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട ദിനാചരണങ്ങളിലൊക്കെ സ്വന്തം വീട്ടുമുറ്റത്ത് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നു. മനുഷ്യർക്ക് സാന്ത്വനമേകാനായി സ്ഥാപിച്ച പരിചരണ കേന്ദ്രങ്ങളിലും തണൽ മുറ്റങ്ങളിലുമൊക്കെ യൂസഫ് തന്റെ പ്രദർശനവുമായെത്തുന്നു. അപ്പോഴും ഒരു ചോദ്യം ബാക്കിയാണ്. അയാൾ പ്രദർശിപ്പിക്കുന്നത് എന്താണ് എന്ന് നമുക്ക് മനസ്സിലാവുന്നുണ്ടോ? നാം കാണുന്നത് കുറേ വെട്ടിയൊട്ടിച്ച കടലാസുകളും നിർജ്ജീവമായ പുസ്തകങ്ങളും ചിത്രങ്ങളും മാത്രമാണോ? എങ്കിൽ ചികിത്സ വേണ്ടത് യൂസഫിന്റെ മക്കൾക്ക് മാത്രമായിരിക്കുമോ?
ആ വീട്ടിൽ നിന്ന് തിരിച്ചിറങ്ങിയപ്പോൾ ഞങ്ങൾക്ക് പരസ്പരം പറയാൻ ഒരു പാടൊന്നുമുണ്ടായിരുന്നില്ല; ഞങ്ങൾ ഒന്നും സംസാരിച്ചില്ല. ശ്രദ്ധിച്ച് താഴെ നിരത്തിലേക്കിറങ്ങി ബൈക് സ്റ്റാർട്ടാക്കി തിരിച്ചു പോന്നു. വഴിയിൽ ഞാനാലോചിച്ചു കൊണ്ടിരുന്നത് എവിടെയോ വായിച്ചു മറന്ന ഒരു സംഭവമാണ്. ഭിന്നശേഷിക്കാരിയായ മകളെക്കുറിച്ച് ഒരച്ഛൻ എഴുതിയത്. മകൾ മുഖത്തേ പേശികൾ മുറുക്കിയും അയച്ചും മുഖം കോട്ടിയും ചില പ്രത്യേക ശബ്ദങ്ങൾ പുറപ്പെടുവിച്ചുമൊക്കെയാണ് ആശയ വിനിമയം നടത്തുക. പലതും അയാൾക്ക് മനസ്സിലാകും എന്നാൽ പലതും ഇപ്പോഴും മനസ്സിലായിട്ടുമില്ല. കഴിച്ച ഭക്ഷണം നന്നായി ഇഷ്ടപ്പെട്ടു എന്ന് പറയുന്നതിന് അവൾ മുഖം ഒരു പ്രത്യേക തരത്തിൽ വക്രിച്ച് ഒരു ശബദമുണ്ടാക്കും. അത് തിരിച്ചറിഞ്ഞ ദിവസം താനനുഭവിച്ച സന്തോഷമാണായാൾ പങ്കുവെക്കാൻ ശ്രമിച്ചത്. വാക്കുകൾക്കപ്പുറമായിരുന്നു ആ ദിവസത്തെ സന്തോഷം എന്നയാൾ പറയുന്നു. ഒരു പക്ഷേ ജീവിതത്താൽ അനുഭവിച്ച ഏറ്റവും വലിയ സന്തോഷം അതായിരിക്കുമത്രേ! പിനീടുള്ള ദിവസങ്ങളിൽ മകൾക്ക് ഭക്ഷണം കൊടുത്ത ശേഷം ആ ചേഷ്ഠകൾക്കും ശബ്ദത്തിനുമായി അവർ കാത്തു നിൽക്കും! പലപ്പോഴും നിരാശയായിരിക്കും ഫലം. മകൾക്ക് ഭക്ഷണം ഇഷ്ടമായില്ലല്ലോ എനോർത്ത് കടുത്ത ദുഖം വരും. ചിലപ്പോൾ മുഖം വക്രിച്ച് മകൾ ശബ്ദമുണ്ടാക്കും. സന്തോഷം പ്രകടിപ്പിക്കും.അത് കേൾക്കാനാണ് യഥാർത്ഥത്തിൽ ഞാനിപ്പോൾ ജീവിക്കുന്നത് തന്നെയെന്ന് ആ അച്ഛൻ പറയുന്നു. ഒന്നോർത്ത് നോക്കൂ. എത്ര വിചിത്രമായ സന്തോഷങ്ങളും ദുഖങ്ങളുമൊക്കെയാണ് നാം മനുഷ്യർ അനുഭവിക്കുന്നത്!
ലോകത്ത് ഈ വാക്കുകളുടെ അർത്ഥം ഗ്രഹിച്ച ജനതകളും സംസ്കൃതികളുമുണ്ട്. അവർക്ക് ഷെദ, യൂസഫിന്റേയും സൈമയുടേയും മാത്രം കുഞ്ഞല്ല; നമ്മുടെയെല്ലാം കുഞ്ഞാണ്. അത്തരം സമൂഹങ്ങളിൽ അവരുടെ രക്ഷക്ക് ധാരാളം പരിരക്ഷാ നിയമങ്ങളുണ്ട്, അവരുടെ സംരക്ഷണം സമൂഹത്തിന്റെ ബാദ്ധ്യതയാണ്. ആവശ്യമായ പണം ചെലവാക്കുന്നത് ഒരു പിശുക്കുമില്ലാതെ ഭരണകൂടങ്ങളാണ്. പക്ഷേ നമ്മുടെ കാര്യമെടുത്താലോ; എന്തോ വലിയ സൗജന്യം ചെയ്യുന്നത്പോലെ ചില്ലിക്കാശ് പെൻഷനായി കൊടുക്കും. കൂട്ടിരിപ്പുകാർക്ക് ഏതാനും കറൻസി നോട്ടുകൾ എറിഞ്ഞ് കൊടുക്കും. അത് തന്നെ മുടങ്ങിയിട്ട് വർഷങ്ങളായി എന്ന് യൂസഫ് സന്ദർഭവശാൽ പറഞ്ഞതും ഞാനപ്പോഴോർത്തു. ഭിന്നശേഷിക്കാരായ മക്കളെ പരിചരിക്കുന്നത് മഹാഭാഗ്യമായിക്കരുതുന്ന സമൂഹങ്ങളേക്കുറിച്ചും, ഗ്രാമത്തിലെ ഒരു പാട് അമ്മമാരും അച്ഛന്മാരും ഊഴമിട്ട് ഇത്തരം മക്കളെ ശുശ്രൂഷിക്കുന്നതുമൊക്കെ ഞാനെവിടെയോ വായിച്ചതോർത്തു. പക്ഷേ നമുക്കറിയാവുന്നത് സഹതപിക്കാൻ മാത്രമാണ്. അതും ക്യാമറകൾക്ക് മുമ്പിൽ മാത്രം.
പ്രകൃതി വികാരനിരപേക്ഷമാണ്. അനന്തകോടി വൈരുദ്ധ്യങ്ങളുടെ ആകത്തുകയായി അത് കാലത്തെ അടയാളപ്പെടുത്തും. ഒന്നു പോലുള്ള മറ്റൊന്നും പ്രകൃതിയിലില്ല. അവിടെ സുഖദു:ഖങ്ങളില്ല, ശരിതെറ്റുകളില്ല, പൂർണ്ണവും ശൂന്യവുമില്ല, വൈരൂപ്യ-സൗന്ദര്യങ്ങളില്ല. സൂഷ്മത്തിലും സ്ഥൂലത്തിലും ഉൺമ ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കും. ഈ വ്യത്യസ്ഥതയിലാണ് പ്രകൃതിയുടെ സമഗ്രത. അതുകൊണ്ട് കൂടിയാണ് ഖലിൽ ജിബ്രാൻ പറഞ്ഞത് “നിങ്ങളുടെ കുട്ടികളൊന്നും നിങ്ങളുടെ കുട്ടികളല്ല; അവർ നിങ്ങളിലൂടെ വരുന്നൂ എന്ന് മാത്രം” ഈ വാക്കുകളുടെ ‘ അർത്ഥം ഗ്രഹിക്കാൻ നാമിനി എത്ര കാതം സഞ്ചരിക്കണം?,. നമുക്ക് മുമ്പേ ആ വാക്കുകളുടെ അർത്ഥമുൾക്കൊണ്ട് മനുഷ്യരായവരാണ് യൂസഫും സൈമയും.
ഓർക്കുക; നാഴികമണികളിലെ സൂചികൾ ഒരേ ദിശയിൽ ഒരു പോലെ ചലിക്കുന്ന ഒരു കാലമുണ്ടാവില്ല. അന്ന് കാലം തന്നെയുണ്ടാവില്ല.
എൻ വി ബാലകൃഷ്ണൻ