കക്കയം ജലവൈദ്യുത പദ്ധതി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു
കക്കയം ജലവൈദ്യുത പദ്ധതി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു. വേനല്‍ മഴ ലഭിക്കാത്തതും കഠിനമായ ചൂടുമാണ് ഡാമില്‍ വെള്ളത്തിന്റെ അളവ് കുറയാന്‍ കാരണമായത്. 7.419 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
കക്കയം പദ്ധതിയിലെ ആറ് ജനറേറ്ററുകളും പ്രവര്‍ത്തിക്കുന്നതിനാല്‍ ഇപ്പോഴത്തെ പ്രതിദിന വൈദ്യുതി ഉപയോഗം 2.676 മില്ല്യണ്‍ യൂണിറ്റാണ്. 24 മണിക്കൂറും ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ഒരാഴ്ചത്തേക്കുള്ള വൈദ്യുതി ഉല്പാദനത്തിന് മാത്രമേ നിലവിലുള്ള ജലം ഉപയോഗിക്കാന്‍ സാധിക്കൂ. 2022ല്‍ ജനറേറ്ററുകള്‍ പൂര്‍ണമായി പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ വൈദ്യുതി ഉല്പാദനം കുറവായിരുന്നു. കക്കയത്തെ ആറ് ജനറേറ്ററുകളുകളും വാര്‍ഷിക അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ചതായി കക്കയം ജനറേഷന് ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇ മുഹമ്മദാലി അറിയിച്ചു.
കേരളത്തിലെ പ്രതിദിന വൈദ്യുതി ഉപയോഗം 103 മില്ല്യണ്‍ യൂണിറ്റായി വര്‍ധിച്ചതില്‍ 28.44 മില്ല്യണ്‍ യൂണിറ്റാണ് ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ലഭിക്കുന്നത്. ബാക്കിയുള്ള 74.558 മില്ല്യണ്‍ യൂണിറ്റ് പുറമേ നിന്നു വാങ്ങുന്നതാണ്.
വേനല്‍ മഴയുടെ കുറവും കഠിനമായ ചൂടിനും പുറമെ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ വര്‍ഷം മഴയുടെ അളവ് കുറഞ്ഞതും വെള്ളത്തിന്റെ അളവ് കുറയാന്‍ കാരണമായി. ബാണാസുര സാഗര്‍ അണക്കെട്ടില്‍ നിന്നു ടണല്‍ മാര്‍ഗം ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതും കക്കയം ഡാമില്‍ വെള്ളം കുറയാന്‍ കാരണമായി.