DISTRICT NEWS

കക്കയം വനത്തിൽ ഡാം സെറ്റ് റോഡിൽ കടുവയുടെ സാന്നിധ്യമുണ്ടെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിച്ച് വനം വകുപ്പ്

ബാലുശ്ശേരി: മലബാർ വന്യജീവി സങ്കേതത്തിൽ കടുവയുടെ സാന്നിധ്യമുണ്ടെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിച്ച് വനം വകുപ്പ്. മലബാർ വന്യജീവി സങ്കേതത്തിൽപെട്ട കക്കയം വനത്തിൽ ഡാം സെറ്റ് റോഡിലാണ് വനം വകുപ്പ് കടുവയുടെ ചിത്രത്തോടുകൂടിയ പുതിയ ബോർഡ് സ്ഥാപിച്ചത്. ‘വന്യമൃഗങ്ങൾ കടന്നുപോകാനിടയുള്ള മേഖല, പതുക്കെ പോവുക എന്ന മുന്നറിയിപ്പ് ബോർഡിലാണ് കടുവയുടെ ചിത്രം വെച്ചിട്ടുള്ളത്.

ആന, കാട്ടുപോത്ത്, മാൻ, മ്ലാവ് തുടങ്ങി മറ്റ് വന്യമൃഗങ്ങളെല്ലാം തന്നെ ഇവിടെ യഥേഷ്ടമുണ്ട്. കഴിഞ്ഞ ജനുവരിയിൽ ഡാം സെറ്റിനടുത്ത വാൾവ് ഹൗസിനടുത്ത് ജീവനക്കാർ, കടുവയെ നേരിട്ടുകണ്ടതായി അറിയിച്ചിരുന്നെങ്കിലും വനത്തിൽ തന്നെയായിരുന്നതിനാൽ ഏറെ ഒച്ചപ്പാടും ബഹളവുമുണ്ടായില്ല. കഴിഞ്ഞ 18ന് കക്കയം വനമേഖലയുടെ അതിർത്തി പ്രദേശമായ തലയാട് ചേമ്പുകര പുല്ലുമലയിൽ പ്രദേശവാസിയായ ജോസിൽ പി. ജോൺ റബർ തോട്ടത്തിൽ, കടുവയെ നേരിട്ടുകണ്ടതായി അറിയിച്ചതോടെയാണ് നാട്ടുകാർ ആശങ്കയിലായത്.

ഇവിടെ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കടുവയുടേതെന്ന് സംശയിക്കുന്ന കാൽപാടുകളും കണ്ടെത്തുകയുണ്ടായി. വനം വകുപ്പ് കാമറ സ്ഥാപിച്ചെങ്കിലും അടുത്ത ദിവസം തന്നെ എടുത്തുമാറ്റുകയും ചെയ്തു. കാമറയിൽ കാട്ടുപന്നി മാത്രമാണ് പതിഞ്ഞിട്ടുള്ളത്. 22ന് തലയാട് പടിക്കൽവയൽ തുവ്വക്കടവ് പാലത്തിനടുത്ത് സഹദും രാത്രി കടുവയെ കണ്ടതായി അറിയിച്ചു. പിറ്റേന്നുതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചെങ്കിലും കല്പാടുകൾ ഏത് മൃഗത്തിന്റേതാണെന്ന് കണ്ടെത്താനായില്ല.

കടുവയുടെ സാന്നിധ്യമുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണിപ്പോൾ നാട്ടുകാർ. കക്കയം വനമേഖലയോടുചേർന്ന ചെമ്പുക്കര, തലയാട്, പേര്യമല, ചീടിക്കുഴി ഭാഗങ്ങളിൽ കടുവയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ ഭയപ്പെടുന്നുണ്ടെങ്കിലും വനം വകുപ്പിന് ഇതുവരെ ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. വന മേഖലയോട് ചേർന്നുകിടക്കുന്ന ഈ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾ ആടുമാടുകളെയും കോഴി, താറാവ്‌ എന്നിവയെയും വളർത്തിയാണ് ഉപജീവിനമാർഗം കണ്ടെത്തുന്നത്. കടുവയുടെ സാന്നിധ്യമുണ്ടെന്ന് അറിഞ്ഞതോടെ കന്നുകാലികളെ മേയ്ക്കാനോ മറ്റു വളർത്തു മൃഗങ്ങളെ അഴിച്ചുവീടാനോ വീട്ടുകാർ പേടിക്കുകയാണ്.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button