കോഴിക്കോട് ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളില്‍ ഒരാള്‍ അമ്മക്കൊപ്പം പോയി

കോഴിക്കോട് വെളളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിലെ ഒരു പെൺകുട്ടിയെ അമ്മക്കൊപ്പം വിട്ടു. ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടിപോയതിന് പിന്നാലെ മകളെ വിട്ടുതരണമെന്ന അമ്മയുടെ അപേക്ഷ പരി​ഗണിച്ചാണ് നടപടി. അമ്മ കളക്ടർക്ക് നൽകിയ അപേക്ഷ പരി​ഗണിച്ച് സിഡബ്ല്യൂസി ആണ് കുട്ടിയെ വിട്ടുകൊടുക്കാൻ തീരുമാനിച്ചത്.

ബാക്കി അഞ്ചു കുട്ടികളുടെ  പുനരധിവാസം ഉൾപ്പെടെ ഉറപ്പാക്കാൻ ഇന്ന് വീണ്ടും സിഡബ്ല്യുസി യോഗം ചേരും. ചില്‍ഡ്രന്‍സ് ഹോമില്‍ സുരക്ഷിതരല്ലെന്ന കുട്ടികളുടെ പരാതി സിഡബ്ല്യൂസി ഇന്ന് പരിഗണിക്കും. റിപ്പബ്ലിക് ദിനാഘോഷത്തിന് പിന്നാലെയാണ് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായത്. പിന്നീട് ഇവരിൽ രണ്ട് പേരെ ബെം​ഗളൂരുവിൽ നിന്നും നാല് പേരെ മലപ്പുറം എടക്കരയിൽ നിന്നും കണ്ടെത്തുകയായിരുന്നു.

ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ബാലാവകാശ കമ്മീഷൻ കുട്ടികളിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി. കോടതിയിൽ രഹസ്യമൊഴി നൽകിയ പെൺകുട്ടികളെ ജുവനൈൽ ജസ്റ്റിസിന് മുൻപാകെ ഹാജരാക്കി. അതിന് ശേഷം ഇവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

Comments

COMMENTS

error: Content is protected !!