AGRICULTURE
കടലാസിൽ കഥ രചിക്കും, മണ്ണില്‍ പൊന്ന് വിളയിക്കും

കൊയിലാണ്ടി:വായനയും കഥാരചനയും മാത്രമല്ല, മണ്ണിൽ പൊന്ന് വിളയിക്കലും തന്റെ ജീവിതത്തിന്റെ ഭാഗമാക്കിയിരിക്കയാണ് ചെറുകഥാകൃത്ത് പി മോഹന്‍. കുഞ്ഞുനാളിൽ പോളിയോ ബാധിച്ച് ഒരു കാലിന് സ്വാധീനമില്ലാതായ മോഹൻ, കോഴിക്കോട് കോർപറേഷൻ ഓാഫീസിലെ തിരക്കുപിടിച്ച ജോലിയും മറ്റു ഉത്തരവാദിത്തങ്ങളും തീര്‍ത്താണ് കൃഷിക്ക് സമയം കണ്ടെത്തുന്നത്.
കൊയിലാണ്ടിക്കടുത്ത മുത്താമ്പി വൈദ്യരങ്ങാടിലെ വീടിനോട് ചേര്‍ന്ന് അര ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് പച്ചക്കറികൃഷി. പാഴ്‌ച്ചെടികളും കുറ്റിക്കാടുകളും നിറഞ്ഞിരുന്ന ഭൂമി ഒറ്റയ്ക്ക് വെട്ടിതെളിച്ചാണ് വിത്തിറക്കിയത്. പാവല്‍, വെള്ളരി, മത്തന്‍, കുമ്പളങ്ങ, ചീര, വെണ്ട തുടങ്ങിയവയാണ് പ്രധാന വിളകള്‍.
പുലർച്ചെ അഞ്ചോടെ മോഹന്‍ കൃഷിയിടത്തിലെത്തും. ഏഴുവരെ പരിപാലനമാണ്. വൈകീട്ട് ഓഫീസില്‍ നിന്നെത്തിയാലും നേരെ കൃഷിയിടത്തിലേക്ക്. ഞായറാഴ്ചയും മറ്റ് അവധി ദിവസങ്ങളിലുമാണ് കൂടുതല്‍ സമയം കൃഷിക്കായി മാറ്റിവയ്‌ക്കുന്നത്. ഭാര്യ ഷൈനിയും മക്കളായ അളകനന്ദയും ഹരിനന്ദും സഹായിക്കാനുണ്ടാവും. കൃഷിയാവശ്യത്തിന് പുറത്തുനിന്നൊരാളെ കൂലിക്ക് വിളിക്കാറില്ല. രാസവളത്തിന് പകരം കോഴിക്കാഷ്ഠവും ഉണക്കിപ്പൊടിച്ച ചാണകവും പിണ്ണാക്കുമാണ് ഉപയോഗിക്കുക. ഇരുപത് വര്‍ഷത്തോളമായി കൃഷിചെയ്യുന്നു. സ്വന്തം ആവശ്യം കഴിഞ്ഞ് ബാക്കി കടകളില്‍ വില്‍ക്കും.
പുതുതായി മത്സ്യകൃഷിയുംകോഴിവളര്‍ത്തലും ആരംഭിച്ചിട്ടുണ്ട്. ഫിഷറീസ് വകുപ്പ് നല്‍കുന്ന മത്സ്യക്കുഞ്ഞുങ്ങളെയാണ് വളര്‍ത്തുന്നത്. ഇവ വിളവെടുപ്പിന് ആയിട്ടുണ്ട്. നോവലും ചെറുകഥകളുമായി ഏഴ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അയ്യായിരത്തിലധികമുള്ള പുസ്തക ശേഖരത്തിന്റെ ഉടമകൂടിയാണ് മോഹന്‍.
Comments