CALICUTDISTRICT NEWS
കടലുണ്ടി ഗ്രാമപഞ്ചായത്തില്‍ ‘ഒപ്പം’ അദാലത്ത് 318 പരാതികള്‍ പരിഗണിച്ചു
38 വര്‍ഷമായി താമസിക്കുന്ന, കൈവശ രേഖയുള്ള ഭൂമിക്ക് പട്ടയം കിട്ടാനുള്ള ഓട്ടത്തിനൊടുവിലാണ് 73 വയസുകാരനായ ബാലകൃഷ്ണന്‍ കടലുണ്ടി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാ കലക്ടറുടെ ഒപ്പം അദാലത്തിനെത്തിയത്. സമാന പരാതിയാണ് കൈതവളപ്പില്‍ സുന്ദരനുംപറയാനുണ്ടായിരുന്നത്. പരാതികള്‍ കേട്ട ജില്ലാ കലക്ടര്‍ സാംബശിവറാവു ഭൂമിമിത്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടയം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത് പരിശോധിക്കാന്‍ വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി. ഏറെ നാളത്തെ അലച്ചിന് പരിഹാരമുണ്ടാകുമെന്ന ആശ്വാസത്തോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അദാലത്തിനെത്തിയ ഇവരെപോലുള്ള നൂറുകണക്കിന് പേര്‍ മടങ്ങിയത്. റേഷന്‍ കാര്‍ഡ് സംബന്ധമായ പരാതികള്‍, ഡാറ്റാ ബാങ്കില്‍ തെറ്റായി രേഖപ്പടുത്തിയ ഭൂമിയെ കുറിച്ചുള്ള പരാതികള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസാഹായം, പ്രളയ ദുരിതാശ്വാസ സഹായം തുടങ്ങി 318 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.
പ്രളയ ദുരിതാശ്വാസം ലഭിച്ചില്ലെന്ന പരാതികളാണ് കൂടുതലും പരിഗണിച്ചത്. വീടുകളിലെത്തി റവന്യൂ വകുപ്പ് അധികൃതര്‍ സര്‍വേ നടത്തി ഫോട്ടോയെടുക്കലും മറ്റ് നടപടികളും പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ധനസഹായം ഉടന്‍ ലഭിക്കുമെന്ന് പരാതിക്കാരെ കലക്ടര്‍ അറിയിച്ചു. പെന്‍ഷന്‍ മസ്റ്ററിങ് നിര്‍ബന്ധമാക്കിയതോടെ കൈവിരലുകളില്ലാത്ത, ഇരു കണ്ണുകളും തകരാറിലായ മകള്‍ക്ക് പെന്‍ഷന്‍ നിഷേധിക്കപ്പെടുമോ എന്ന ആശങ്കയിലാണ് ഫറോക്ക് അനീഷ മന്‍സിലിലെ കദീജ കലക്ടറെ കാണാനെത്തിയത്. പെന്‍ഷന്‍ റദ്ദാകുമെന്ന് ആശങ്കപ്പെടേണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കാമെന്നും കലക്ടര്‍ ഉറപ്പു നല്‍കി. പത്തൊമ്പതും പതിനെട്ടും വയസായ ഭിന്നശേഷിക്കാരായ രണ്ട് ആണ്കുട്ടികളടങ്ങുന്നവീട്ടിലേക് ക് സഞ്ചാരയോഗ്യമായ വഴി എന്ന ആവശ്യവുമായാണ് വെള്ളക്കട ദിന്‍സിയും ഭര്‍ത്താവും കുട്ടികളുമായി എത്തിയത്. റെയില്‍വേ ഭൂമിയുടെ സമീപത്തുള്ള വീട്ടിലേക്ക് നേരത്തെയുള്ള വഴി റെയില്‍വേ അടച്ചതോടെയാണ് ഇവര്‍ ബുദ്ധിമുട്ടിലായത്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പരാതി പരിഹരിക്കാന്‍ നടപടിയെടുക്കാമെന്ന് കലക്ടര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡുകള്‍ തരംമാറ്റുന്നതടക്കം സിവില്‍ സപ്ലൈസുമായി ബന്ധപ്പെട്ട് 22 പരാതികളാണ് ലഭിച്ചത്. ഇവ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് വകുപ്പ് അധികൃതര്‍ക്ക് കൈമാറി.
ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനായുളള നിയമാനുസൃത രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയവയും പരിഗണിച്ചു. 49 അപേക്ഷകളാണ് പരിഗണിച്ചത്. 52 പേര്‍ക്ക് നിരാമയ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ അജയകുമാര്‍, വൈസ് പ്രസിഡന്റ് എം നിഷ, ഡെപ്യൂട്ടി കലക്ടര്‍ ടി ജനില്‍കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് വി എന്‍ അഷ്‌റഫ്,
നാഷണല്‍ ട്രസ്റ്റ് സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവും ജില്ലാതല സമിതി കണ്‍വീനറുമായ പി സിക്കന്തര്‍, ജില്ലാതല കമ്മിറ്റി അംഗം ഡോ. പി ഡി ബെന്നി, വിവിധ ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments