CRIME

കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം; പ്രതി കുറ്റക്കാരനെന്ന് കോടതി

കല്പറ്റ:  വെള്ളമുണ്ട കണ്ടത്തുവയല്‍ ഇരട്ടക്കൊലക്കേസില്‍ പ്രതി വിശ്വനാഥന്‍ കുറ്റക്കാരനെന്ന് കല്പറ്റ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ തിങ്കളാഴ്ച വിധിക്കും. 

2018 ജൂലായ് ആറിനായിരുന്നു നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം നടന്നത്. നവദമ്പതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെയാണ് കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍  കൊലപാതകക്കേസ് അന്നത്തെ  മാനന്തവാടി ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘമാണ് അന്വേഷിച്ചത്.

രണ്ടുമാസത്തെ അന്വേഷണത്തിനൊടുവില്‍  കോഴിക്കോട് തൊട്ടില്‍പ്പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥനെ (45) പോലീസ് അറസ്റ്റുചെയ്തു. മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് വിശ്വനാഥന്‍ ദമ്പതിമാരെ അടിച്ചുകൊന്നത്.

വീട്ടില്‍ കയറിയ വിശ്വനാഥന്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഫാത്തിമയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കവെ ശബ്ദംകേട്ടുണര്‍ന്ന ഉമ്മറിനെയും ഫാത്തിമയെയും കൈയില്‍ കരുതിയിരുന്ന കമ്പിവടികൊണ്ട് അടിച്ചു. മരണം ഉറപ്പാക്കിയശേഷം ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളെടുത്ത് വീട്ടിലും പരിസരങ്ങളിലും മുളകുപൊടി വിതറി വിശ്വനാഥന്‍ രക്ഷപ്പെടുകയാണുണ്ടായത്.

പലതരം അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് കൊലപാതകം മോഷണശ്രമത്തിനിടെയായിരുന്നെന്നും വിശ്വനാഥനാണ് കൊല ചെയ്തതെന്നും പോലീസ് കണ്ടെത്തിയത്. എഴുന്നൂറോളം പേരെയാണ് പോലീസ് നിരീക്ഷിച്ചത്. വിശ്വനാഥനും പട്ടികയില്‍ ഉള്‍പ്പെട്ട ആളായിരുന്നു. അറസ്റ്റിലായ അന്നുമുതല്‍ വിശ്വനാഥന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button