അലൻ,താഹ യു.എ.പി.എ കേസിൽ ഇരട്ട നീതി എന്തെന്ന് സുപ്രീം കോടതി

പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്ത രണ്ടുപേരില്‍ ഒരാള്‍ക്ക് ജാമ്യം അനുവദിക്കുകയും മറ്റെയാള്‍ക്ക് നീതി നിഷേധിക്കുകയും ചെയ്തതിനെതിരെ സുപ്രിംകോടതി. അലന്‍ ഷുഹൈബിന് ജാമ്യം അനുവദിച്ച് താഹ ഫസലിന് ജാമ്യം നിഷേധിച്ചത് ശരിയല്ലെന്നും ഇരുവര്‍ക്കുമെതിരായ കേന്ദ്ര സര്‍ക്കാറിന്റെ വാദം ഒരുമിച്ച് കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കി.

മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് താഹഫസലിനെ മാത്രം വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയുമായിരുന്നു. അലന് ജാമ്യം അനുവദിച്ചതിനെതിരെ കേന്ദ്ര സര്‍ക്കാറിന്റെഹരജി എവിടെ എന്നും സുപ്രിംകോടതി ചോദിച്ചു. അടുത്ത വെള്ളിയാഴ്ച ഇരുവര്‍ക്കുമെതിരായ കേസ് ഒരുമിച്ച് പരിഗണിക്കുമെന്നും ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

513 ദിവസമായി തടവറയില്‍ തുടരുന്ന താഹക്ക് ജാമ്യം നല്‍കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. വി.ഗിരി വാദിച്ചു. സാമ്പത്തിക ശേഷിയില്ലാത്ത കുടുംബത്തിന് താങ്ങാവുന്നതല്ല താഹയുടെ തടങ്കല്‍ എന്നും ഗിരി ബോധിപ്പിച്ചു. കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു ഇതിനെ എതിര്‍ത്തു. മാവോയിസ്റ്റ് യോഗത്തില്‍ താഹ പങ്കെടുത്തുവെന്ന് മാത്രമല്ല, യോഗത്തിന്റെ മിനുട്‌സ് എഴുതിയത് താഹയാണെന്നുമുള്ള ആരോപണങ്ങളും അദ്ദേഹം പുതിയതായി ഉന്നയിച്ചു.

Comments

COMMENTS

error: Content is protected !!