Uncategorized

കണ്ണൂരിൽ ആഢംബര വിവാഹത്തിന് പൊലീസ് കാവൽ നൽകിയ സംഭവം; മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്

കണ്ണൂര്‍: കണ്ണൂരിൽ ആഢംബര വിവാഹത്തിന് പൊലീസ് കാവൽ നൽകിയ സംഭവത്തില്‍ മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്. അഡീഷണൽ എസ്പി പി പി സദാനന്ദന്‍റെ ഓഫീസിലെ സെക്ഷൻ ക്ലർക്ക്, ജൂനിയർ സൂപ്രണ്ട്, ഓഫീസിലെ പൊലീസുകാരൻ എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പ്രധാനപ്പെട്ട രേഖ അഡീ. എസ് പിയുടെ ശ്രദ്ധയിൽപ്പെടുത്താതെ കമ്പ്യൂട്ടർ വഴി ഒപ്പ് രേഖപ്പെടുത്തിയതിനാണ് നോട്ടീസ് നല്‍കിയത്. അഡീഷണൽ എസ് പിയുടെ  അറിവില്ലാതെ അദ്ദേഹത്തിൻ്റെ പേരിൽ ഉത്തരവ് നൽകിയതിന്‍റെ കാരണം വ്യക്തമാക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.  കല്ല്യാണ വീട്ടിൽ പൊലീസ്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചത് തൻ്റെ അറിവോടെയല്ലെന്നാണ് അഡീഷണൽ എസ് പിയുടെ വാദം.

കണ്ണൂർ പാനൂരിൽ കല്യാണത്തിന് പൊലീസുകാരെ വാടകയ്ക്ക് നൽകിയതിനെതിരെ സേനയിൽ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രവാസി വ്യവസായിയുടെ മകളുടെ വിവാഹത്തിനാണ് കണ്ണൂർ എ ആർ ക്യാമ്പിലെ നാല് പൊലീസുകാരെ വിട്ട് നൽകിയ കണ്ണൂർ അഡീഷണൽ സൂപ്രണ്ടിന്‍റെ ഉത്തരവാണ് വിവാദമായത്. പൊലീസിനെ ആഢംബര വേദികളിൽ പ്രദർശന വസ്തുവാക്കി മാറ്റരുതെന്നാണ് പൊലീസ് ഓഫീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച പൊലീസ് സംഘടന മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.

ജൂലൈ 31 കണ്ണൂർ പാനൂലിലെ പ്രവാസി വ്യവസായിയും ജ്വല്ലറി ഉടമയുമായ വ്യക്തിയുടെ മകളുടെ വിവാഹത്തിനാണ്  രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ നാല് പൊലീസുകാരെ വിട്ട് നൽകിയത്.  ഒരു പൊലീസുകാരന് 1400 രൂപ വീതം വാങ്ങിയാണ് പ്രവാസി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ വിട്ട് നൽകിയത്. 

ചില വ്യക്തികളുടെ ആഢംബരം തെളിയിക്കാൻ പൊലീസിനെ ദുരുപയോഗം ചെയ്യരുതെന്ന് സി ആർ ബിജു വിമർശിച്ചു. ആഢംബര വിവാഹത്തിനോ കുഞ്ഞിന്‍റെ നൂലുകെട്ടിനോ ഉപയോഗിക്കണ്ടവല്ല പൊലീസെന്നും ചട്ടവിരുദ്ധമായ ഈ ഉത്തരവ് ചില അൽപ്പൻമാർ ഇനിയും ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും പോസ്റ്റിൽ പറയുന്നു. കണ്ണൂർ പൊലീസിന്‍റെ നടപടി വിവാദമായ സാഹചര്യത്തിൽ പൊലീസ് സേവനങ്ങള്‍ക്ക് പണമടക്കണമെന്ന സർക്കുലറിൽ വ്യക്തത വരുത്തി ഡിജിപി പുതിയ ഉത്തരവിറക്കും. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button