DISTRICT NEWSKERALA

കണ്ണൂരിൽ ജപ്തി നടപടി;വീട് വിറ്റ് തിരിച്ചടക്കാമെന്ന ആവശ്യം തള്ളി, മതിയായ സമയം നൽകിയെന്ന് കേരളബാങ്ക്

കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ കേരള ബാങ്കിന്റെ ജപ്തി നടപടി. കൂത്തുപറമ്പ് പുറക്കളം സ്വദേശി സുഹ്റയുടെ വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്തു. സുഹ്റയും വൃദ്ധ മാതാവും പ്ലസ് ടു വിദ്യാർഥിയുമായ മകളും ഉൾപ്പെടെയുള്ള കുടുംബവും ഇതോടെ പെരുവഴിയിലായി. വീട് വിറ്റ് പണം തിരിച്ചടയ്ക്കാൻ സാവകാശം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിട്ടില്ലെന്നാണ് സുഹ്‌റ പറയുന്നത്.

ഇന്നലെ വൈകീട്ട് അഞ്ച് മണിയോടു കൂടിയായിരുന്ന ജപ്തി നടപടി. പ്ലസ് വൺ വിദ്യാർഥിനിയായ കുട്ടി സ്‌കൂളിൽ നിന്ന് തിരികെയെത്തി വസ്ത്രം മാറാനുള്ള സൗകര്യം പോലും നൽകിയില്ലെന്ന് സുഹ്‌റ പറയുന്നു. എൺപത് വയസ്സുള്ള മാതാവിനൊപ്പം രാത്രി സുഹ്‌റയും മകളും വീടിന് വെളിയിലിരിക്കുകയായിരുന്നു.2012ലാണ് വീട് നിർമാണത്തിനായി കേരള സഹകരണ ബാങ്കിന്റെ മമ്പറം ശാഖയിൽ നിന്ന് 10 ലക്ഷം രൂപ ഇവർ ലോണെടുക്കുന്നത്. ഇതിൽ നാലര ലക്ഷത്തോളം രൂപ തിരിച്ചടച്ചു. എന്നാൽ ഇനിയും പത്തൊമ്പത് ലക്ഷത്തോളം രൂപ തിരിച്ചടക്കണമെന്നാണ് ബാങ്ക് ഇവരോട് നിർദേശിച്ചിരിക്കുന്നത്. ഇതിൽ സാവകാശം ആവശ്യപ്പെട്ട് കുടുബം മന്ത്രിമാർക്കുൾപ്പടെ നിവേദനം നൽകിയെങ്കിലും കാര്യത്തിൽ നടപടിയുണ്ടായില്ല. ഇതിന് ശേഷം തികച്ചും അപ്രതീക്ഷിതമായാണ് വീട്ടിലേക്ക് ബാങ്ക് അധികൃതരെത്തി ജപ്തി നടപടികൾ പൂർത്തിയാക്കി വീട് സീൽ ചെയ്യുന്നത്.

വീട് കേരള സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും അതിക്രമിച്ച് കയറരുതെന്നും ബോർഡും വെച്ചിട്ടുണ്ട്. വീടിനടുത്തുള്ള ഡ്രൈവിങ് സ്‌കൂളിലെ താല്ക്കാലിക ജീവനക്കാരിയാണ് സുഹ്‌റ. സുഹ്‌റ ജോലി കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും ബാങ്ക് ജീവനക്കാരെത്തി വീട് ജപ്തി ചെയ്തിരുന്നു. പിന്നാലെയാണ് മകൾ സ്‌കൂളിൽ നിന്നുമെത്തുന്നത്. രാത്രി വൈകിയും മൂവരും വീടിന് പുറത്തിരിക്കുകയാണ്. സംഭവം നടന്നത് വൈകിയായത് കൊണ്ട് തന്നെ അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.

ബാങ്കിന്റെ ഭാഗത്ത് നിന്ന് ജപ്തിയിൽ ഔദ്യോഗിക വിശദീകരണവും ലഭ്യമല്ല. കോവിഡിന് ശേഷമുള്ള സാഹചര്യമായതിനാൽ ജപ്തി നടപടികൾ നിർത്തി വെച്ചിരിക്കുകയാണെന്ന് സംസ്ഥാന സർക്കാർ ആവർത്തിക്കുന്നതിനിടെയാണ് സംഭവം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button