കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദത്തില്‍ പ്രതികരണവുമായി ഡോ. പ്രിയാ വര്‍ഗീസ്
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി ഡോ. പ്രിയാ വര്‍ഗീസ്. വിവരാവകാശരേഖ എന്നുപറഞ്ഞ് എഴുന്നള്ളിക്കുന്ന ചില അക്കങ്ങളിലെ കള്ളക്കളികള്‍ ഇപ്പോള്‍ത്തന്നെ തുറന്നുകാട്ടണമെന്ന് വ്യക്തമാക്കി ഫെയ്‌സ്ബുക്കിലൂടെയാണ് പ്രിയാവർഗീസ് വിശദീകരണവുമായെത്തിയത്. അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയ ഡോ. പ്രിയാ വര്‍ഗീസ് റിസര്‍ച്ച് സ്‌കോറില്‍ ഏറെ പിറകിലാണെന്ന് ചൂണ്ടിക്കാട്ടിയുള്ള വിവരാവകാശ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
‘കോവിഡ് കാലമായിരുന്നതുകൊണ്ട് അപേക്ഷ ഓണ്‍ലൈന്‍ അപേക്ഷയായിട്ടായിരുന്നു സമര്‍പ്പിക്കേണ്ടിയിരുന്നത്. ഈ ഓണ്‍ലൈന്‍ ഡാറ്റാ ഷീറ്റിലെ ഓരോ കോളത്തിലും നമ്മള്‍ ടൈപ്പ് ചെയ്തു കൊടുക്കുന്ന മുറക്ക് സ്‌കോര്‍ കോളത്തില്‍ തത്തുല്യമായ അക്കം ഓട്ടോ ജനറേറ്റ് ആവും. അങ്ങിനെ അപേക്ഷ പൂരിപ്പിച്ചു കഴിയുമ്പോള്‍ നമ്മുടെ ആകെ സ്‌കോറും ഓട്ടോ ജനറേറ്റ് ആയി വരും. ഇങ്ങിനെ ഓണ്‍ലൈന്‍ അപേക്ഷയില്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ അടയാളപ്പെടുത്തിയ അക്കങ്ങള്‍ ആണ് ഇപ്പോള്‍ ഈ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്മേല്‍ സര്‍വ്വകലാശാല നേരിട്ടുള്ള ഒരു തെളിവെടുപ്പ് (ഫിസിക്കല്‍ വെരിഫിക്കേഷന്‍) നടത്തിയിട്ടില്ല. സാധാരണ ഇതു നടക്കാറുള്ളത് ഇന്റര്‍വ്യൂ ദിവസമാണ്. ഇന്റര്‍വ്യൂ ഓണ്‍ലൈന്‍ ആയിരുന്നതുകൊണ്ട് അന്നും അത് നടന്നില്ല. അതായത് എന്റെ 156-ഉം അപരന്റെ 651-ഉം എല്ലാം ഞങ്ങളുടെ അവകാശവാദങ്ങള്‍ മാത്രമാണ്. സര്‍വ്വകലാശാല അത് മുഴുവന്‍ പരിശോധിച്ചു വകവെച്ചു തന്നിട്ടുള്ളതല്ല’, പ്രിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
തനിക്കും വിവരാവകാശ രേഖയില്‍ ഒന്നാമതായി കാണുന്ന ആള്‍ക്കും തമ്മിലുള്ള മാര്‍ക്കില്‍ ഇത്ര അന്തരം വരാനുള്ള കാരണവും അവര്‍ വിശദീകരിക്കുന്നുണ്ട്.