DISTRICT NEWS

കനത്ത മഴ; ജില്ലയിൽ 20 വീടുകൾ ഭാ​ഗികമായി തകർന്നു

കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ ജില്ലയിൽ 20 വീടുകൾ ഭാ​ഗികമായി തകർന്നതായി ദുരന്ത നിവാരണ സെൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 16 വില്ലേജുകളിലാണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ആളപായമില്ല. കൊയിലാണ്ടി താലൂക്കിൽ 13 വീടുകൾക്കും വടകര താലൂക്കിൽ അഞ്ച് വീടുകൾക്കും കോഴിക്കോട് താലൂക്കിൽ ഒരു വീടിനും താമരശ്ശേരിയിലെ ഒരു വീടിനുമാണ് കനത്ത മഴയിൽ കേടുപാട് സംഭവിച്ചത്.

നല്ലളം വെള്ളത്തും പാടത്ത് മുഹമ്മദ് യൂസഫ് മകൻ ഫൈസലിന്റെ വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു വീണു. കൊയിലാണ്ടി താലൂക്കിലെ ചെറുവണ്ണൂരിൽ കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് എടക്കയിൽ പീടികയുള്ള പറമ്പിൽ രാജന്റെ വീട് ഭാ​ഗികമായി തകരുകയും പോർച്ചിൽ നിർത്തിയിട്ട കാറിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അപകടത്തിൽ വീടിന്റെ സൺഷെയ്ഡും ഒരു ഭാ​ഗത്തെ പില്ലറുകളും തകർന്നു.

ചങ്ങരോത്ത് പഞ്ചായത്തിൽ ഒമ്പതാം വാർഡിലെ പനംകുറ്റിക്കര സുഭാഷിന്റെ നിർമാണത്തിലിരുന്ന വീട് തകർന്നു വീണു. കീഴരിയൂർ വില്ലേജിലെ കോണിൽ മീത്തൽ കൃഷ്ണന്റെ വീട് ഭാ​ഗികമായി തകർന്നു. കോട്ടൂർ വില്ലേജിലെ മുരളീധരന്റെ വീടിന് സമീപത്തെ കരിങ്കൽ ഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. നരിപ്പറ്റ വില്ലേജിലെ മാതു കോളിയാട്ടു പൊയിൽ, ബിനീഷ് എന്നിവരുടെ വീടുകൾക്കും നാശനഷ്ടം സംഭവിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button