കനത്ത മഴ: മഹാരാഷ്ട്രയിൽ 16 പേർ മരിച്ചു, ട്രയിനുകൾ റദ്ദാക്കി, ഇന്ന് പൊതു അവധി

 

മുംബൈ ∙ കനത്ത മഴയിൽ മുംബൈയിലും പരിസരപ്രദേശങ്ങളിലുമായി 16 പേർ മരിച്ചു. മുംബൈയിലും സമീപ പ്രദേശമായ താനെയിലും മഴ ശക്തി പ്രാപിച്ചതിനെ തുടർന്നുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. മുംബൈയിലെ മലാഡില്‍ ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ 12 പേർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം സർക്കാർ പ്രഖ്യാപിച്ചു. മുംബൈ, താനെ പ്രദേശങ്ങളിൽ കഴിഞ്ഞ 48 മണിക്കൂറിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മഴ ശക്തമായി തുടരുന്നതിനാൽ മഹാരാഷ്ട്രയിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. ആളുകൾ ജാഗരൂകരായിരിക്കണമെന്നും പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണമെന്നും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
പാളത്തിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ഇന്നലെ രാത്രിയോടെ പ്രധാന റൺവെയിൽ വെള്ളം കയറിയതിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിന്റെ ഒരു റൺവേ അടച്ചു. 54 ഓളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ജയ്പൂർ–മുംബൈ സ്പൈസ്ജെറ്റ് വിമാനം ഇന്നലെ റൺവേയിൽ ഇറങ്ങുന്നതിനിടെ തെന്നി മുന്നോട്ട് നീങ്ങി. അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. യാത്രക്കാർ സുരക്ഷിതരാണ്.
തുടർച്ചയായി അഞ്ചാം ദിവസവും തുടരുന്ന കനത്തമഴ ജനജീവിതം ദുസ്സഹമാക്കുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുമൂലം റോഡ്, റെയിൽ ഗതാഗതം ഇഴഞ്ഞു.  ഇന്നലെ തിരക്കേറിയ സമയങ്ങളിൽ ഒട്ടേറെ ലോക്കൽ ട്രെയിനുകൾ റദ്ദാക്കിയതിനെ തുടർന്ന്  ആയിരക്കണക്കിന് യാത്രക്കാർ റെയിൽവേ സ്‌റ്റേഷനുകളിൽ കുടുങ്ങി. മധ്യറെയിൽവേ പാതയിൽ ലോക്കൽ ട്രെയിനുകൾ രണ്ടു മണിക്കൂറിലേറെ വൈകി. പശ്ചിമ റെയിൽവേ 17 ദീർഘദൂര ട്രെയിനുകളും മധ്യറെയിൽവേ 10 ദീർഘദൂര ട്രെയിനുകളും റദ്ദാക്കി. നഗരത്തിൽ 12 ഇടങ്ങളിൽ മതിൽ ഇടിഞ്ഞുള്ള അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. ആർക്കും പരുക്കില്ല.
കല്യാൺ ടൗണിൽ കെട്ടിടം തകർന്നു; ആളപായമില്ല
കല്യാൺ ടൗണിൽ കനത്തമഴയ്ക്കിടെ മൂന്നു നില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. ആർക്കും പരുക്കില്ല. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പട്ടികയിൽപെട്ട കെട്ടിടത്തിലെ താമസക്കാരെ നേരത്തെ ഒഴിപ്പിച്ചിരുന്നതിനാൽ വൻദുരന്തം ഒഴിവായി. കല്യാൺ ടൗണിലും താനെ ജില്ലയുടെ മറ്റു ഭാഗങ്ങളിലും ഞായറാഴ്ച മുതൽ കനത്ത മഴ തുടരുകയാണ്.
ജാൽനയിൽ റോഡ് ഒഴുകിപ്പോയി
പേമാരിയെ തുടർന്ന് റോഡിന്റെ ഭാഗം ഒഴുകിപ്പോയി. വൻ ദുരന്തം ഒഴിവായി.  ജാൽന മേഖലയിലിൽ ഇന്നും ശക്തമായ മഴ തുടരുകയാണ്. പ്രമുഖ റോഡിന്റെ  വലിയൊരു ഭാഗമാണ് വെള്ളത്തിന്റെ കുത്തൊഴുക്കിൽ തകർന്നത്. ഒരു മോട്ടോർ ബൈക്ക്, കാർ എന്നിവ അത്ഭുതകരമായി രക്ഷപ്പെട്ടു.  ഒഴുക്കിന്റെ സമയത്ത് വാഹനങ്ങൾ സംഭവസ്ഥലത്ത് ഇല്ലാഞ്ഞതാണ്  അപകടം ഒഴിവാക്കിയതെന്നു പൊലീസ് വെളിപ്പെടുത്തി.
ബിഎംസിയുടെ മഴക്കാല മുന്നൊരുക്കങ്ങൾ വെള്ളത്തിലായി
മഴക്കാല മുന്നൊരുക്കങ്ങൾ സംബന്ധിച്ച ബിഎംസിയുടെ അവകാശവാദങ്ങൾ കാലവർഷത്തുടക്കത്തിൽ തന്നെ ഒലിച്ചുപൊയി. മഴവെള്ളത്തിന്റെ സുഗമസഞ്ചാരത്തിന് നഗരത്തിലെ ഓവുചാൽസംവിധാനം നന്നാക്കുന്നതിന് 35 കോടിയിലേറെ രൂപയാണ് ബിഎംസി ചെലവഴിച്ചത്. ഓടകളിലെ മാലിന്യം നീക്കുകയാണ് പ്രധാന ദൗത്യം. എന്നാൽ,  കോരിയെടുക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാതെ സമീപത്തു തന്നെ നിക്ഷേപിക്കുന്നതിനാൽ മഴയത്തു വീണ്ടും ഓടകളിലേക്കു തന്നെ ഒലിച്ചിറങ്ങുന്നു. ബിഎംസിയുടെ മഴക്കാലമുന്നൊരുക്കങ്ങളിലും അഴിമതിയാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.  വഡാല, ഹിന്ദ്മാത, പരേൽ, ലാൽബാഗ്, സേനാപാതി ബാപ്പഡ് റോഡ് തുടങ്ങിയ മേഖലകളിൽ ഇന്നലെ കണ്ട വെള്ളക്കെട്ട് ഈ വിമർശനത്തെ ശരിവയ്ക്കുന്നു. വഡാലയിലും ചെമ്പൂരിലും വീടുകളിൽ വരെ വെള്ളം കയറിയത് ജനങ്ങളെ ദുരിതത്തിലാക്കി.
അതേസമയം, കാലാവസ്ഥാ വ്യതിയാനവും ഭൂപ്രകൃതിയുമാണ് വെള്ളക്കെട്ടിന് ഇടയാക്കിയതെന്നായിരുന്നു ഇന്നലെ ബിഎംസി കമ്മിഷണറുടെ ന്യായം. വെസ്റ്റേൺ എക്‌സ്പ്രസ് വേയിൽ വെള്ളക്കെട്ടിനേക്കാൾ റോഡുകളിലെ കുണ്ടുംകുഴിയുമാണ് ഇന്നലെ തങ്ങളെ വലച്ചതെന്ന്  യാത്രക്കാരുടെ സാക്ഷ്യം റോഡുകളിലെ അറ്റകുറ്റപ്പണി സംബന്ധിച്ച അവകാശവാദങ്ങളെയും പൊളിക്കുന്നു.
ചുനാഭട്ടിയിൽ പിന്നെയും വെള്ളം കെട്ടി
മധ്യറെയിൽവേയുടെ ഹാർബർലൈനിൽ കുർളയ്ക്ക് സമീപം ചുനാഭട്ടിയിൽ എല്ലാ മഴക്കാലത്തെയും പോലെ  ഇന്നലെയും ട്രാക്കുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഹാർബറിലെ തന്നെ വഡാലയിലും ഇതു തന്നെ സ്ഥിതി. ട്രാക്കുകളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ ട്രാക്കുകൾ ഉയർത്തുക, വെള്ളം പെട്ടെന്ന് ഒഴുകിപ്പോകാനായി ഓവുചാൽ  നവീകരിക്കുക, മഴയത്ത് പെട്ടെന്ന് തകരാറിലാകാത്ത വിധം സിഗ്നൽ സംവിധാനം പരിഷ്കരിക്കുക തുടങ്ങിയ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് എല്ലാ കൊല്ലവും മഴയ്ക്കു മുൻപ് റെയിൽവേയുടെ അവകാശവാദം പതിവാണ്. എന്നാൽ മഴ തുടങ്ങുമ്പോൾ എല്ലാം പഴയപടി.
നഗരത്തിന്റെ പലയിടങ്ങളിലായി വെള്ളപ്പൊക്കവും വെള്ളക്കെട്ടുകളും നിറയുന്നത് ഗതാഗതം തടസപ്പെടുത്തുന്നുണ്ട്. നീണ്ട ട്രാഫിക് ബ്ലോക്കുകളാണ് മുംബൈ നഗരത്തിൽ പ്രത്യക്ഷപ്പെടുന്നത്. അടുത്ത അഞ്ചു ദിവസത്തേക്ക് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. നഗരത്തിൽ കഴിഞ്ഞ 2 ദിവസത്തിനിടെ 540 മില്ലിമീറ്റർ മഴ ലഭിച്ചെന് ബിഎംസി കമ്മിഷണർ പ്രവീൺ പർദേശി പറഞ്ഞു. നഗരത്തിൽ ഈ  നൂറ്റാണ്ടിൽ 2 ദിവസകാലയളവിൽ ലഭിച്ച ഏറ്റവും ഉയർന്ന മഴയാണിത്.
Comments
error: Content is protected !!