SPECIAL
കനിമൊഴി ഇനിയും ജീവിക്കും, ഏഴു പേരിലൂടെ
ചെന്നൈ: മരണശേഷവും കനിമൊഴി ആ ഏഴു പേരിലൂടെ ജീവിക്കും. ജീവിച്ചു തുടങ്ങിയപ്പോള്‍ത്തന്നെ വിധി ജീവന്‍ കവര്‍ന്നെടുത്തെങ്കിലും തന്റെ അവയവങ്ങള്‍ ഏഴു പേര്‍ക്കായി പകുത്തു നല്‍കിയാണ് അവള്‍ അന്ത്യയാത്രയായത്. തഞ്ചാവൂര്‍ തമിഴ് സര്‍വകലാശാലയില്‍ ഗസ്റ്റ് അധ്യാപികയായ കള്ളക്കുറിച്ചി സ്വദേശിനി കനിമൊഴി(25)യുടെ അവയവങ്ങളാണ് മസ്തിഷ്‌കമരണം സംഭവിച്ചതിനെ തുടര്‍ന്ന് ദാനം ചെയ്തത്.
കഴിഞ്ഞമാസം മൂന്നിനായിരുന്നു കനിമൊഴിയുടെ ഇരുപത്തിയഞ്ചാം പിറന്നാള്‍. ഇരുപത്തിയാറിലേക്കു കടന്ന് ഒരു മാസം പൂര്‍ത്തിയാക്കാന്‍ അവള്‍ക്കായില്ല. ഫെബ്രുവരി 27-ന് സര്‍വകലാശാലയുടെ മുന്‍പിലെ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ കനിമൊഴിയെ ഇടിച്ചുവീഴ്ത്തി. അപകടശേഷവും രക്ഷാപ്രവര്‍ത്തനത്തിന് നില്‍ക്കാതെ കാറുമായി ഡ്രൈവര്‍ രക്ഷപെട്ടു. മരണത്തോടു മല്ലടിച്ച് റോഡില്‍ കിടന്ന കനിമൊഴിയെ ഓടിക്കൂടിയവരാണ് തഞ്ചാവൂര്‍ മീനാക്ഷി ആശുപത്രിയിലെത്തിച്ചത്.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന അവളുടെ നില ഓരോ ദിവസവും വഷളായി വന്നു. പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സംഭവിച്ചു. മകളുടെ വിയോഗവാര്‍ത്തയറിഞ്ഞ് പതറാതെ അവയവദാനത്തിന് സന്നദ്ധതയറിയിച്ച് കനിമൊഴിയുടെ മാതാപിതാക്കളാണ് മുന്നോട്ടുവന്നത്. അതോടെ, പ്രധാന അവയവങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്‍കാന്‍ ത്വരിതവേഗത്തില്‍ ഡോക്ടര്‍മാര്‍ നടപടിയെടുത്തു.
മീനാക്ഷി ആശുപത്രിയിലെതന്നെ ഒരു രോഗിക്കും തിരുച്ചിറപ്പള്ളിയിലെ രോഗിക്കുമായി രണ്ട് വൃക്കകള്‍ നല്‍കി. മധുര ആശുപത്രിയിലെ രോഗിക്ക് കരളും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ രോഗികള്‍ക്ക് ഹൃദയവും ശ്വാസകോശവും നല്‍കി. തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന രണ്ടുപേര്‍ക്കാണ് കണ്ണുകള്‍ നല്‍കിയത്.
അവയവങ്ങള്‍ എടുത്തശേഷം മൃതദേഹം കനിമൊഴിയുടെ മാതാപിതാക്കള്‍ക്ക് കൈമാറി. അധ്യാപികയുടെ മരണത്തിനിടയാക്കിയ കാര്‍ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments