മലബാറിലെ മുസ്ലിങ്ങളുടെ സംസ്ക്കാരിക തനിമയെ അടയാളപ്പെടുത്തുന്നു; വടകര താഴത്തെങ്ങാടിയിൽ ഇന്നും മുടക്കമില്ലാതെ തുടരുന്ന അത്താഴംമുട്ട്.

പണ്ട് കാലങ്ങളിൽ റമദാനിൽ പുലർച്ചെ  അത്താഴം കഴിക്കാൻ  സമയം അറിയാൻ ഇന്നത്തേത് പോലുള്ള സൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. അക്കാലത്താണ് അത്താഴം മുട്ട് എന്ന വാദ്യം തുടങ്ങിയത്. ആട്ടിൻ തോലിൽ  നിർമിച്ച പറചെണ്ട പോലെയുള്ള ഒരു വാദ്യോപകരണം ഉപയോഗിച്ച് പുലർച്ചെ അത്താഴത്തിന്റെ സമയം മുട്ടി മഹല്ലിലാകെ അറിയിക്കുകയാണ് ചെയ്യുന്നത്. ഇതിനുപയോഗിക്കുന്ന വാദ്യോപകരണത്തിന് ഇവർ വിളിയ്ക്കുന്ന പേരും ‘അത്താഴം,  എന്നു തന്നെയാണ്.
ഒറ്റ മുട്ട്, ഇരട്ട മുട്ട്, മൂന്നാംമുട്ട്, എന്നിങ്ങനെ മൂന്നുതരം  മുട്ടുകളാണുള്ളത്..
രാത്രി ഒന്നരയ്ക്ക് തുടങ്ങി മൂന്നരവരെ ഇത് നീളും. പണ്ട് കാലങ്ങളിൽ  പള്ളി കമ്മറ്റിക്കു കീഴിൽ നടത്തി വന്നിരുന്ന അത്താഴംമുട്ട് ആധുനിക  സൗകര്യങ്ങളുട  വരവോടെ നിന്ന് പോയി. എങ്കിലും വടകര താഴങ്ങാടിയിൽ ഇത് ഇന്നും തുടരുന്നുണ്ട്.
ഇപ്പോഴത്തെ മുട്ടുകാരൻ കല്ലറയ്ക്കൽ മഹമ്മൂദിന്റെ ഉപ്പാപ്പ ഹസ്സൈനാറാണ് ഓർമ്മയിലെ ആദ്യത്തെ മുട്ടുകാരൻ.  അദ്ദേഹം തുടങ്ങി വെച്ച അത്താഴംമുട്ട് പിതാവ്  അബ്‌ദുല്ലയിലും  ജേഷ്ടൻ മുസ്തഫയിലും  നിന്ന് മഹമ്മൂദ് ഏറ്റെടുക്കുകയായിരുന്നു. കുട്ടിക്കാലത്തു ജേഷ്ട്ടന് വിളക്ക് പിടിയ്ക്കാൻ സഹായിയായി  പോയി തുടങ്ങിയതാണ് മഹമ്മൂദ്. പിന്നീട് മുട്ടുകാരനായി. മൂന്നു തലമുറയുടെ ചരിതം  പറയാനുണ്ട് ഈ പരമ്പരാഗത വാദ്യത്തിനും വാദ്യക്കാർക്കും.
പണ്ട് കാലങ്ങളിൽ താഴങ്ങാടിയുടെ റമദാൻദിനം തുടങ്ങുന്നതു  തന്നെ ഇവരുടെ മുട്ട് കേട്ടുകൊണ്ടായിന്നു. പാനൂസ്  വിളക്കും പിടിച്ച് സഹായിയോടൊപ്പം മുട്ടിക്കയറിയ പഴയ കാലത്തിൽ നിന്നും ഇപ്പോൾ കാര്യങ്ങൾ ഒരുപാട് മാറി. വിളക്കിന് പകരം ടോർച്ചു വന്നു. മുട്ടുപകരണം ഡ്രമ്മു പോലെ പരിഷ്കരിച്ചു. എങ്കിലും മഹമ്മൂദിന് പ്രിയം തന്റെ ആ പഴയ തോൽ ഉപകാരണമാണ്.

കോവിഡിന്റെ  കഴിഞ്ഞ വർഷങ്ങളിൽ പോലീസ് സ്റ്റേഷനിൽ നിന്നും പ്രത്യേക അനുമതി വാങ്ങി മുട്ടേണ്ടി വന്നത്, തന്റെ ഓർമ്മയിലെ വലിയൊരു അനുഭവമാണെന്ന് മെഹമ്മൂദ് പറയുന്നു. നിലവിൽ മസ്ജിദ് പരിപാലനവുമായി  പ്രവർത്തിച്ചു വരുന്ന മഹമ്മൂദിനു  അത്താഴം മുട്ടിനു നിശ്ചിത ശമ്പളമൊന്നുമില്ല.
പെരുന്നാൾ ദിവസം പ്രദേശത്തെ വീടുകളിൽ നിന്ന് ലഭിക്കുന്ന അരിയും പണവും മഹമ്മൂദും സഹായി ആങ്ങട്ട് പുരയിൽ മമ്മുവും കൂടി വീതിച്ചെടുക്കാറാണ് പതിവ്. കൃത്യമായി ഒരു വേതന വ്യവസ്ഥ ഇല്ലാഞ്ഞിട്ടു കൂടി പാരമ്പര്യമായി കൈമാറി വന്ന തൊഴിലിനെ തന്നിലൂടെ നിലനിർത്താനുള്ള മഹമ്മൂദിന്റെ തല്പര്യം ഒന്നു കൊണ്ട് മാത്രമാണ് ഈ കലാരൂപം അന്യംനിന്ന് പോകാത്തത്. നാല് തലമുറ പിന്നിടുന്ന പാരമ്പര്യത്തിന്റെ കോൽ ഇനിയാർക്ക് കൈമാറും എന്ന ചോദ്യത്തിന് ഈറനണിഞ്ഞ ഒരു പുഞ്ചിരി മാത്രമായിരുന്നു മഹമ്മൂദിന്റെ മറുപടി. അത്താഴം മുട്ട് എന്നത് മഹമ്മൂദിന് ഉപജീവനത്തിനുള്ള വെറുമൊരു തൊഴിലല്ല. ചില പാരമ്പര്യങ്ങളുടേയും മൂല്ല്യ ബോധങ്ങളുടേയും കൈമാറ്റം കൂടിയാണ്. സ്വന്തം ജീവനോളം വില കല്പിക്കുന്നുണ്ട് മെഹമ്മൂദ് അത്താഴം മുട്ടിന്.

Comments

COMMENTS

error: Content is protected !!