കനോലി കനാൽ ചെളി നീക്കൽ അടുത്ത ആഴ്‌ച

കോഴിക്കോട്‌:കനോലി കനാലിലെ വെള്ളം മലിനപ്പെടാതിരിക്കാൻ ആഴവും ഒഴുക്കും കൂട്ടി കനാൽ നവീകരിക്കുന്നു. കനാലിൽ ജലപാത പദ്ധതി ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ്‌ ചെളി നീക്കി ആഴം കൂട്ടുന്നത്‌. സ്വപ്‌നനഗരി മുതൽ കുണ്ടൂപ്പറമ്പ്‌ വരെ നാല്‌ കിലോ മീറ്റർ ദൂരത്തിലെ ചെളിയാണ്‌ സിൽട്ട്‌ പുഷർ യന്ത്രം ഉപയോഗിച്ച്‌ നീക്കുക.  അടുത്ത ആഴ്‌ച പ്രവൃത്തി ആരംഭിക്കും. കാരപ്പറമ്പിൽ നേരത്തെ പ്രവൃത്തി ആരംഭിച്ചെങ്കിലും കനത്ത മഴയെ തുടർന്ന്‌ ഒരു മാസമായി നിർത്തിവച്ചതാണ്‌.
ചെളിയടിഞ്ഞതിനാൽ വേലിയിറക്ക–-വേലിയേറ്റ സമയങ്ങളിൽ  സ്വപ്‌നനഗരി മുതൽ കുണ്ടൂപ്പറമ്പ്‌ വരെയുള്ള ഭാഗത്ത്‌ ഒന്നരയടി മാത്രം ആഴമേയുള്ളൂ. വെള്ളത്തിന്റെ അളവും ഒഴുക്കും കുറയുന്നത്‌ മാലിന്യ നിക്ഷേപത്തിന്‌ കാരണമായിരുന്നു. ഇത്‌ പരിഹരിക്കാനാണ്‌ ചെളി നീക്കുന്നത്‌. ആഴം കൂടുന്നതോടെ കൂടുതൽ വെള്ളമെത്തി സ്വയം ശുചീകരണത്തിന്‌ വഴിതെളിയും. മൂന്നുമാസംകൊണ്ട്‌ ചെളി നീക്കം പൂർത്തിയാക്കും. രണ്ട്‌ ഘട്ടങ്ങളിലായാണ്‌ കനാലിന്റെ നവീകരണം നടക്കുന്നത്‌. ഒന്നാം ഘട്ടത്തിൽ  പായലും മരക്കഷ്‌ണങ്ങളും മറ്റു മാലിന്യങ്ങളും നീക്കിയിരുന്നു.
ഇപ്പോൾ നടക്കുന്ന രണ്ടാംഘട്ട പ്രവൃത്തിയിൽ ആദ്യം കല്ലായി പുഴയുമായി ചേരുന്ന ഭാഗത്ത്‌ ചെളി നീക്കിയതാണ്‌. സിയാലിന്‌ കീഴിലെ ക്വില്ലി (കേരള വാട്ടർ വെയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ്)ന്റെ നേതൃത്വത്തിലാണ് പ്രവൃത്തി. 46 ലക്ഷം രൂപയുടേതാണ് പദ്ധതി.
Comments

COMMENTS

error: Content is protected !!