DISTRICT NEWS

കയ്യിൽ കിട്ടിയ വീട്ടുസാധനങ്ങളും വളർത്തുമൃഗങ്ങളുമായി പലായനം ചെയ്ത് ‘അഭയാർഥികൾ’

 

കോഴിക്കോട് : വരാനിരിക്കുന്ന കുടിയിറക്കലിന്‍റെ പ്രതീകാത്മക അഭയാർഥി പലായനം കോഴിക്കോട് കലക്ടേറ്റിലേക്ക് നടന്നു. കെ- റെയിൽ വിരുദ്ധ ജനകീയ സമിതിയാണ് വേറിട്ട സമരത്തിന് നേതൃത്വം നൽകിയത്. അഴിയൂർ മുതൽ ഫറോക്ക് വരെയുള്ള അമ്പതോളം സമര യൂനിറ്റുകളിൽനിന്നുള്ളവർ പരിപാടിയിൽ അണിനിരന്നു. വീട്ടുസാധനങ്ങൾ, ഉപകരണങ്ങൾ എന്നിവക്ക് പുറമേ ആട്, പൂച്ച, കിളികൾ എന്നിവയും സമരത്തിൽ പങ്കെടുത്തു. ‘കെ-റെയിൽ വേണ്ട, കേരളം മതി, എന്ന മുദ്രാവാക്യമുയർത്തി എരഞ്ഞിപ്പാലത്തുനിന്ന് തുടങ്ങിയ ‘അഭയാർഥി പലായനം’ കലക്ടറേറ്റിന് മുന്നിൽ ജാഥയായി അവസാനിച്ചു.

കെ-റെയിൽ വിരുദ്ധ പ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളികളായ മരിയ അബു, യശോദാമ്മ, ഭവാനിയമ്മ, ശ്രീജ, ആതിര എന്നിവർ ഒരുമിച്ച് ബാനറുയർത്തിയാണ് കലക്ടറേറ്റിന് മുന്നിൽ ദഘാടനം നിർവഹിച്ചത്.
എഴുത്തുകാരൻ കൽപറ്റ നാരായണൻ ഉദ്ഘാടന പ്രസംഗം നടത്തി. കെ-റെയിൽ വിരുദ്ധ ജനകീയ സമിതി സംസ്ഥാന കൺവീനർ എസ് രാജീവ് മുഖ്യപ്രഭാഷണം നടത്തി. ജില്ല ചെയർമാൻ ടി ടി ഇസ്മയിൽ അധ്യക്ഷനായിരുന്നു. വിജയരാഘവൻ ചേലിയ, ഫൈസൽ പള്ളിക്കണ്ടി, ശബരി മുണ്ടകാടൻ, ടി വി രാജൻ,പി പി രമേശ് ബാബു, എൻ വി ബാലകൃഷ്ണൻ, മുസ്തഫ പാലാഴി, യു രാമചന്ദ്രൻ , ഇ കെ ശ്രീനിവാസൻ, ടി നാരായണൻ, കെ പി പ്രകാശൻ, മൊയ്തു കണ്ണൻകോടൻ, ലിജു കുമാർ, റഹീം, ഭക്തവത്സലൻ എന്നിവർ സന്നിഹിഹിതരായിരുന്നു. രാമചന്ദ്രൻ വരപ്പുറത്ത് സ്വാഗതവും മുഹമ്മദലി മുതുകുനി നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button