ടൂറിസ്‌റ്റ്‌ ബസ്സുകൾക്ക്‌ പിടിവീഴുന്നു

കോഴിക്കോട്‌: ടൂറിസ്‌റ്റ്‌ ബസ്സുകളിലെയും രാത്രി സർവീസ്‌ നടത്തുന്ന സ്വകാര്യ ബസ്സുകളിലെയും ചട്ടലംഘനങ്ങളും ക്രമക്കേടുകളും തടയാൻ മോട്ടോർ വാഹനവകുപ്പ്‌ നടപടി തുടങ്ങി. താമരശേരിയിൽനിന്ന്‌ വിദ്യാർഥികളുമായി വിനോദ യാത്രയ്ക്ക്‌ പോയ ബസ്സിനു മുകളിൽ പൂത്തിരി കത്തിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ്‌ പരിശോധന കർശനമാക്കിയത്‌.
താമരശേരി, അടിവാരം തുടങ്ങിയ ഭാഗങ്ങളിലാണ്‌ മോട്ടോർ വാഹനവകുപ്പ്‌ എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒ പി എം ഷബീറിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ്‌ പരിശോധന നടത്തിയത്‌. അനിയന്ത്രിതമായ അലങ്കാര ലൈറ്റുകൾ, സ്‌റ്റിക്കറുകൾ, കർട്ടനുകൾ, ഗ്ലാസുകളിലെ കൂളിങ്‌ സ്‌റ്റിക്കറുകൾ, അനിയന്ത്രിത ശബ്ദസംവിധാനങ്ങൾ എന്നിവയും വേഗപ്പൂട്ടുകളുമാണ്‌ പരിശോധിക്കുന്നത്‌. ക്രമക്കേട്‌ ശ്രദ്ധയിൽപ്പെട്ടാൽ ബസ്സിന്റെ ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌ റദ്ദാക്കുമെന്ന്‌ മോട്ടോർ വാഹന വകുപ്പ്‌ അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസം താമരശേരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന്‌ മൈസൂരുവിലേക്ക്‌ യാത്ര പോയ ബസ്സിന്‌ മുകളിൽ പൂത്തിരി കത്തിച്ച സംഭവത്തിൽ ബസ്സിന്റെ ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌ റദ്ദാക്കി. ഡ്രൈവറുടെ ലൈസൻസും റദ്ദ്‌ചെയ്‌തിട്ടുണ്ട്‌. ഇത്തരത്തിലുള്ള സംഭവങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി എ കെ ശശീന്ദ്രനും പറഞ്ഞിരുന്നു.
Comments

COMMENTS

error: Content is protected !!