CALICUTDISTRICT NEWS

 കരിങ്കൽ ഖനനത്തെ ന്യായീകരിച്ച്‌ ക്വോറി ഉടമ

കൊയിലാണ്ടി: വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുളള എല്ലാവിധ അനുമതികളോടും കൂടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആനപ്പാറയിലെ നടുവത്തൂര്‍ സ്റ്റോണ്‍ ക്രഷറും ക്വാറിയുമെന്ന് പാര്‍ട്ണര്‍ അബ്ദുള്‍ ലത്തിഫ്(ബാവ) ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. നിയമപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ അതിക്രമിച്ചു കയറുകയും സ്ത്രീകളെയും കുട്ടികളെയും അനാവശ്യമായി പോലീസ് കേസുകളിലേക്ക് തള്ളിവിടുകയും ചെയ്യുന്ന നടപടിയാണ് ചിലരുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടന്നു വരുന്നതെന്ന് അദ്ദേഹം പറയുന്നു.

നിയമം നടപ്പാക്കുവാനെത്തിയ നിയമപാലകരെ പോലും ആക്രമിക്കുന്ന സാഹചര്യമാണ് കീഴരിയൂരില്‍ ഉണ്ടായത്. രണ്ട് വര്‍ഷം മുമ്പ് ക്വാറിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന സാഹചര്യമുണ്ടായപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് 2020 ഡിസംബര്‍ 21ന് പോലീസ് സംരക്ഷണം അനുവദിച്ച് ഉത്തരവ് ലഭിച്ചതാണ്. മിക്ക പത്ര,ദൃശ്യ,ഓണ്‍ലൈന്‍, മാധ്യമങ്ങളിലും ക്വാറിക്കെതിരെ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്നും അദ്ദേഹം പറയുന്നു.. 2006-ലാണ് ക്വാറി ഇപ്പോഴത്തെ മാനേജ്‌മെന്റിനു കൈമാറി കിട്ടിയത്. ഇപ്പോള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ക്വാറി കൂടാതെ രണ്ട് ക്വാറി കൂടി മുമ്പ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഈ ക്വാറികളുടെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ ക്രഷര്‍ മാനേജ്‌മെന്റ് ആ സ്ഥലം കൂടി വിലക്ക് വാങ്ങിയെങ്കിലും ആ ക്വാറികള്‍ ഒന്നും തന്നെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. അദ്ദേഹം പറഞ്ഞു..

ഒരു പ്രദേശത്തെ ജനങ്ങൾ ഒരുമിച്ച് സമരസമിതി രൂപീകരിച്ച് എന്തുകൊണ്ട് സമരരംഗത്തിറങ്ങുന്നു എന്ന പ്രശ്നം അദ്ദേഹം വിശദീകരിക്കുന്നില്ല. നിരന്തരമുണ്ടാകുന്ന സ്പോടനങ്ങൾ വീടുകൾക്ക് വിള്ളലുണ്ടാക്കുന്നതും അന്തരീക്ഷവായുവിൽ പൊടി നിറയുന്നതും ടിപ്പർ ലോറികളുടെ മത്സരയോട്ടം സൃഷ്ടിക്കുന്ന ശബ്ദമിനീകരണവും ഒന്നും അദ്ദേഹം പരിഗണിക്കുന്നേയില്ല. എല്ലാറ്റിലും ഉപരി ഈ പ്രദേശത്തെ കിണറുകൾ വറ്റിവരണ്ടുപോകുന്നത് സംബന്ധിച്ചൊന്നും അദ്ദേഹത്തിന് ഒന്നും പറയാനില്ല

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button