കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതിയായ അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയാണ് അര്‍ജുന്‍ ആയങ്കി. അതുകൊണ്ട് തന്നെ അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താമെന്ന് കാട്ടി കണ്ണൂര്‍ ഡിഐജിക്ക് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിന്മേല്‍ ഡിഐജി വീണ്ടും വിശദീകരണം തേടി. അതിന്റെ പശ്ചാത്തലത്തില്‍ വിശദമായ പുതിയ റിപ്പോര്‍ട്ടാണ് കമ്മീഷണര്‍ ആര്‍ ഇളങ്കോ ഡിഐജി രാഹുല്‍ ആര്‍ നായര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.

ഇതില്‍ അര്‍ജുനെതിരെ കാപ്പ ചുമത്താമെന്ന ശുപാര്‍ശയാണുള്ളത്. ആധാരമായി സ്വീകരിച്ചിരിക്കുന്നത് കസ്റ്റംസ് റിപ്പോര്‍ട്ട് തന്നെയാണ്. കസ്റ്റംസ് സ്വര്‍ണക്കടത്തുകേസില്‍ ജാമ്യാപേക്ഷ എതിര്‍ത്തു കൊണ്ട് നടത്തിയ വാദങ്ങളും പൊലീസ് ആധാരമായി എടുത്തിട്ടുണ്ട്. വളരെ ഗുരുതരമായ കണ്ടെത്തല്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ ഉണ്ടെന്നത് റിപ്പോര്‍ട്ടില്‍ പ്രധാനമായും പറയുന്നു.

കൂടാതെ നേരത്തെ അര്‍ജുന്‍ ആയങ്കി ഉള്‍പ്പെട്ട ആക്രമണ കേസുകളും നിലനില്‍ക്കുന്നുണ്ട്. നിരന്തരമായി ആക്രമണക്കേസുകളില്‍ പ്രതികയാകുന്നവരേയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരേയുമാണ് കാപ്പ ചുമത്തി നാടുകടത്തുകയോ ജയിലില്‍ അടുക്കുകയോ ചെയ്യുന്നത്. ആ പരിധിയില്‍ തന്നെ ഇതു ഉള്‍പ്പെടാത്താം. സമാനമായ പരിധിയില്‍ അര്‍ജുനേയും ഉള്‍പ്പെടുത്താമെന്ന ശുപാര്‍ശയാണ് പൊലീസ് മുന്നോട്ട് വെച്ചിട്ടുള്ളത്. അതനുസരിച്ച് കാപ്പ ചുമത്തിയാല്‍ ജയിലില്‍ അടക്കുകയോ നാടു കടത്തുകയോ ചെയ്യാമെന്നതാണ് നിയമം.

 

Comments

COMMENTS

error: Content is protected !!