CRIME

കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍

കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. കരിപ്പൂരിൽ കാരിയറുടെ ഒത്താശയോടെ കടത്തുകാരെ വെട്ടിച്ച് സ്വര്‍ണം തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. കണ്ണൂര്‍ പയ്യന്നൂരിനടുത്ത് പെരിങ്ങയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അര്‍ജുന്‍ ആയങ്കിയെ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഈ മാസം 16നായിരുന്നു കേസ് രജിസ്‌റ്റർ ചെയ്തത്.

കരിപ്പൂരിൽ ഇൻഡിഗോ വിമാനത്തിലെത്തിയ മഹേഷ് എന്ന കാരിയറിൽനിന്ന് അയാളുടെ തന്നെ ഒത്താശയോടെ സ്വർണം തട്ടുകയായിരുന്നു. കാരിയർ മഹേഷ്, ഇയാൾക്കൊപ്പമുണ്ടായിരുന്ന സിപിഎം നഗരസഭ മുൻ കൗൺസിലർ മൊയ്തീൻകോയ , മുഹമ്മദലി, സുഹൈൽ, അബ്ദുൽ എന്നിവർ മൂന്നാഴ്ച മുന്‍പ് പിടിയിലായിരുന്നു. ഈ സംഘത്തെ നിയന്ത്രിച്ചിരുന്നത് അർജുൻ ആയങ്കിയായിരുന്നു.  

ജിദ്ദയില്‍ നിന്ന് സ്വര്‍ണവുമായെത്തിയ തിരൂര്‍ സ്വദേശി മഹേഷിന്റെ നിര്‍ദേശ പ്രകാരമായിരുന്നു കവര്‍ച്ചാ സംഘം കരിപ്പൂരിലെത്തിയത്. സ്വര്‍ണം കൈപ്പറ്റാനെത്തുന്നവര്‍ക്ക് സ്വര്‍ണം കൈമാറുന്നതിനിടെയാണ് കവര്‍ച്ച ചെയ്യാന്‍ സംഘം തീരുമാനിച്ചത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ വർഷം, സ്വർണം തട്ടാനെത്തിയ അർജുൻ ആയങ്കിയുടെ സംഘത്തെ പിന്തുടർന്നവർ അടക്കം അഞ്ചുപേർ രാമനാട്ടുകരയിലുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. നിരവധി സ്വര്‍ണക്കവര്‍ച്ച, ക്രിമിനൽ കേസുകളിൽ പ്രതിയാണ് അര്‍ജുന്‍ ആയങ്കി. ഈ വർഷം ജൂണിൽ അര്‍ജുന്‍ ആയങ്കിയെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (കാപ്പ) പ്രകാരം നാടു കടത്തിയിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button