കലുങ്കുകളും അഴുക്കുചാലുകളും മെയ് 15നകം വൃത്തിയാക്കാന്‍ നിര്‍ദേശം
ജില്ലയിലെ എല്ലാ കലുങ്കുകളും, ഡ്രയിനേജുകളും മെയ് 15നകം തടസ്സങ്ങള്‍ നീക്കി വൃത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ എന്‍ജിനീയറിങ് വകുപ്പ് തലവന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. നിര്‍ദേശം ലംഘിക്കുന്നത് കാരണമുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
വേനല്‍ മഴയില്‍ പലസ്ഥലങ്ങളിലും വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. വേനലിലും തുടര്‍ന്നുള്ള മഴക്കാലത്തും സാംക്രമിക രോഗങ്ങള്‍ തടയാനുള്ള നടപടികള്‍ കര്‍ശനമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.
വെള്ളപ്പൊക്കം തടയുന്നതിനും കാലവര്‍ഷക്കെടുതി ലഘൂകരിക്കുന്നതിനുമുള്ള ആക്ഷന്‍പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു.