മൃദംഗ-തബല നിർമാതാവ് പരമേശ്വരൻ ഇനി ഓർമ

കൊയിലാണ്ടി : കൊയിലാണ്ടി ബപ്പൻകാട് റോഡിലെ ഇടുങ്ങിയ മുറിയിലിരുന്ന്‌ മൃദംഗവും തബലയും നിർമിക്കുന്ന പരമേശ്വരൻ ഈ ലോകത്തോട് വിട പറഞ്ഞു. കോവിഡ് ബാധിതനായ അദ്ദേഹം പാലക്കാട്ടാണ് മരണത്തിന് കീഴടങ്ങിയത്. പാലക്കാട് പെരുവമ്പ് സ്വദേശിയായ പരമേശ്വരൻ കൊയിലാണ്ടിയുടെ ഭാഗമായിട്ട് നാൽപ്പതുവർഷത്തിലേറെയായി. കൊയിലാണ്ടിയിൽ വീട് വാടകയ്ക്കെടുത്തായിരുന്നു താമസം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളള മൃദംഗ, തബല കലാകാരന്മാർ പരമേശ്വരനെ തേടി കൊയിലാണ്ടി ബപ്പൻകാടിലെത്തുമായിരുന്നു. പുതിയ മൃദംഗവും തബലയും ഉണ്ടാക്കിക്കൊടുക്കുന്നതിനുപുറമേ അറ്റകുറ്റപ്പണിയും നടത്തുമായിരുന്നു. അറിയപ്പെടുന്ന തബല, മൃദംഗ കലാകാരന്മാരും സംഗീതജ്ഞരുമെല്ലാം പരമേശ്വരന്റെ ഉറ്റസുഹൃത്തുക്കളായിരുന്നു. ഈ ഫെബ്രുവരിയിലാണ് പരമേശ്വരൻ നാട്ടിലേക്കുപോയത്. കൊയിലാണ്ടിയിലേക്കു വരാനിരിക്കെ കോവിഡ് പോസിറ്റീവായി. പിന്നീട് നെഗറ്റീവായെങ്കിലും മറ്റു ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടായിരുന്നു. മൃദംഗവിദ്വാൻ പാലക്കാട് മണി അയ്യർക്ക് മൃദംഗം നിർമിച്ചുകൊടുത്ത പാലക്കാട് പെരുവമ്പു നാരായണന്റെ മകനാണ് താനെന്ന് പരമേശ്വരൻ അഭിമാനത്തോടെ പറയുമായിരുന്നു. കൊയിലാണ്ടി ഈസ്റ്റ് റോഡിലെ ഒരു പീടികമുറിയിലിരുന്ന് പരമേശ്വരൻ ഒട്ടേറെപ്പേർക്ക് മൃദംഗം നിർമിച്ചുനൽകി. പദ്മശ്രീ മാവേലിക്കര കൃഷ്ണൻകുട്ടി നായരും വേലുക്കുട്ടി ആശാനുമെല്ലാം മരണംവരെ ഉപയോഗിച്ചത് പരമേശ്വരൻ നിർമിച്ച മൃദംഗമാണ്.

1979 മുതലാണ് പരമേശ്വരൻ കൊയിലാണ്ടിയിൽ സ്ഥിരതാമസമായത്. പരമ്പരാഗതരീതിയിലാണ് മൃദംഗം നിർമിക്കുന്നതെങ്കിലും പോത്തിൻ തോലുകൊണ്ട് മൃദംഗത്തിന്റെ വാറ് നിർമിക്കുന്ന രീതിയിൽ മാറ്റമുണ്ടാക്കിയത് പരമേശ്വരനാണ്. സ്റ്റീലാണ് പകരമായി ഉപയോഗിച്ചത്. പോത്തിൻ തോല് കൊണ്ടാണ് വാറ് നിർമിക്കുന്നതെങ്കിൽ ശ്രുതിമാറ്റണമെങ്കിൽ നിർമിച്ചയാളുടെ അടുത്തുതന്നെ പോകണം. എന്നാൽ, സ്റ്റീൽകൊണ്ട് നിർമിച്ചതോടെ ഒരു സ്പാനർ ഉപയോഗിച്ച് ആർക്കും ശ്രുതിമാറ്റാം. കോഴിക്കോട്ടെ എം.എൻ. സുബ്രഹ്മണ്യനിൽനിന്ന് മൃദംഗ വായനയും പഠിച്ചിരുന്നു. മണി അയ്യരുടെ പ്രധാന ശിഷ്യരായ സുരേന്ദ്രൻ, എൻ. ഹരി, ശ്രീരാഗ് നന്മണ്ട, എസ്.ആർ രാജു, ബദ്രി സതീശ്, ഗുരുവായൂർ ദൊരൈ തുടങ്ങി ഒട്ടേറെപ്പേർ വായിക്കുന്നത് പരമേശ്വരൻ നിർമിച്ച മൃദംഗങ്ങളിലാണ്. രണ്ടുവർഷംമുമ്പ്‌ ഇദ്ദേഹത്തെക്കുറിച്ച് കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മീഡിയാ ക്ലബ്ബ് ഡോക്യുമെന്ററി നിർമിച്ചിരുന്നു. വർഷങ്ങളായി തന്റെ സംഗീതോപകരണങ്ങൾ നന്നാക്കിത്തരുന്നത് പരമേശ്വരനാണെന്ന് പൂക്കാട് കലാലയം പ്രിൻസിപ്പലും തബലവാദകനുമായ ശിവദാസ് ചേമഞ്ചേരി പറഞ്ഞു. ചർമവാദ്യങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നതിനായി കേരളത്തിനകത്തും പുറത്തുനിന്നുമായി ഒട്ടേറെപ്പേർ പരമേശ്വരനെ തേടിയെത്താറുണ്ടെന്ന് ശിവദാസ് പറഞ്ഞു.

Comments

COMMENTS

error: Content is protected !!