കല്ലായിയിൽ കെ റെയിലിൽ കല്ലിടലിനെതിരെ പ്രതിഷേധം; പൊലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളും
കോഴിക്കോട്: സില്‍വര്‍ ലൈന്‍ കല്ലിടലില്‍ കോഴിക്കോട് കല്ലായിയില്‍ സംഘര്‍ഷം. സമരക്കാര്‍ പിഴുതെറിഞ്ഞ കല്ലുകള്‍ ഉദ്യോഗസ്ഥര്‍ വീണ്ടും സ്ഥാപിച്ചു.വന്‍ പൊലീസ് വലയത്തിലാണ് വീണ്ടും കല്ലുകള്‍ സ്ഥാപിച്ചത്. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. കല്ലിടല്‍ തടഞ്ഞ് രംഗത്തെത്തിയ സ്ത്രീകള്‍ അടക്കമുള്ള സമരക്കാരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
ഇതേത്തുടര്‍ന്ന് നാട്ടുകാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് പ്രതിഷേധിച്ച സ്ത്രീകളെ മര്‍ദ്ദിച്ചു. പുരുഷ പൊലീസുകാര്‍ ലാത്തി കൊണ്ട് കുത്തിയെന്നും സ്ത്രീകള്‍ ആരോപിച്ചു.സംഘര്‍ഷത്തിനിടെ ഒരു സ്ത്രീ കുഴഞ്ഞുവീണു.
മുന്‍കൂട്ടി അറിയിക്കാതെയാണ് ഉദ്യോഗസ്ഥര്‍ കല്ലിടാന്‍ എത്തിയതെന്ന് പറഞ്ഞാണ് നാട്ടുകാര്‍ പറഞ്ഞു. പൊലീസ് മര്‍ദ്ദനമേറ്റ ഒരു പെണ്‍കുട്ടി ഗുരുതര പരിക്കുകളോടെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് സ്ഥലത്തെത്തിയ എം കെ രാഘവന്‍ എംപി പറഞ്ഞു. നാട്ടുകാരെ വെല്ലുവിളിച്ചുകൊണ്ടും തെരുവില്‍ നേരിട്ടും ഒരു പദ്ധതി നടപ്പാക്കാനാകുമോയെന്നും രാഘവന്‍ ചോദിച്ചു.