ജില്ലയില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് ലൈസന്‍സ് പോയത് 424 പേര്‍ക്ക്

മോട്ടോര്‍  വാഹന വകുപ്പ്  കോഴിക്കോട,് കൊടുവളളി, നന്‍മണ്ട റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളുടെ പരിധിയില്‍ കഴിഞ്ഞ വര്‍ഷം (2019) നടത്തിയ വാഹന പരിശോധനയില്‍ ഗതാഗത നിയമ ലംഘനത്തിന് വിവിധ വകുപ്പുകളിലായി 19798 കേസുകളില്‍ നടപടിയെടുത്തു. ആകെ 1,89,09,830 രൂപ പിഴയായി ഈടാക്കി.
മദ്യപിച്ച് വാഹന ഓടിച്ചതിന് മാത്രം 424 ലൈസന്‍സുകള്‍ റദ്ദ് ചെയ്തു. കൂടാതെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചതിന് 211 പേരുടേയും അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിന് 887 പേരുടേയും ലൈസന്‍സുകള്‍ റദ്ദാക്കി. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ച 3259 പേര്‍ക്കെതിരെ നടപടിയെടുത്തു. ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന രീതിയില്‍ ഫാന്‍സി ലൈറ്റുകള്‍ ഉപയോഗിച്ച് സര്‍വ്വീസ് നടത്തിയ 182 വാഹനങ്ങള്‍ക്കെതിരെയും ബ്രേക്ക് ലൈറ്റ്, ഹെഡ് ലൈറ്റ്, വൈപ്പര്‍ തുടങ്ങിയവ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്ത വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുത്തു. മനുഷ്യ ജീവന് അപകടം വരുത്തുന്ന രീതിയില്‍ വാഹനം ഓടിച്ച 230 പേരില്‍ നിന്നും അമിതഭാരം കയറ്റിപ്പോയ 270 ചരക്കുവാഹനങ്ങളില്‍  നിന്നും പിഴ ഈടാക്കി. ടൂറിസ്റ്റ് ബസ്സുകളില്‍ അമിത ശബ്ദം പുറപ്പെടുവിക്കുന്ന മ്യൂസിക് സിസ്റ്റം അഴിപ്പിക്കുകയും ബസ്സുകളിലേയും കോണ്‍ട്രാക്ട് കാര്യേജുകളിലേയും ബോഡിയില്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന രീതിയിലുളള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് സര്‍വ്വീസ് നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.
ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ പരസ്യം പതിക്കുന്നതിനായി ഫീസടച്ച് അനുവാദം വാങ്ങാതെ സര്‍വ്വീസ് നടത്തിയ 13 വാഹനങ്ങള്‍ പിടികൂടി. എയര്‍ഫോണ്‍ ഉപയോഗിച്ച് സര്‍വ്വീസ് നടത്തിയ 93 വാഹനങ്ങള്‍, സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച് സര്‍വ്വീസ് നടത്തിയ ടിപ്പര്‍ ലോറികള്‍, ബസ്സുകള്‍ തുടങ്ങിയ 120 ഓളം വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. കോഴിക്കോട് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എം.പി സുഭാഷ് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ നന്‍മണ്ട ജോയിന്റ് ആര്‍ടിഒ കെപി ദിലീപ്, മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍മാരായ കെ ദിലീപ് കുമാര്‍, രാജന്‍ പി,പി, ജെയിംസ് കെ.ജെ, ബിജോയ് ഇ.എസ്, ഫ്രാന്‍സീസ്, എം.ജി ഗിരിഷ്, ടി ഫൈസല്‍, എന്നിവരും 15 ഓളം അസി. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍മാരും പങ്കെടുത്തു.  പുതുവര്‍ഷത്തില്‍ ഗതാഗതനിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി മുന്നോട്ടുപോകുമെന്ന് ആര്‍.ടി.ഒ എം.പി സുഭാഷ് ബാബു അറിയിച്ചു.
Comments

COMMENTS

error: Content is protected !!