കളക്ടർ ശ്രീറാം വെങ്കട്ടറാമിനെതിരെ സെൻട്രൽ വിജിലൻസ് കമ്മീഷന് പരാതി
കോഴിക്കോട് : ആലപ്പുഴ ജില്ലാ കളക്ടർ ശ്രീറാം വെങ്കട്ടറാമിനെതിരെ സെൻട്രൽ വിജിലൻസ് കമ്മീഷന് പരാതി. ശ്രീറാം വെങ്കട്ടരാമൻ അധികാര ദുരുപയോഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചെയ്തുവെന്നും അദ്ദേഹത്തെ സിവിൽ സർവീസിൽ നിന്നും നീക്കം ചെയ്യണമെന്ന് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തോട് ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂറാണ് സെൻട്രൽ വിജിലൻസ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്.
പത്രപ്രവർത്തകനായ ബഷീറിന്റെ മരണത്തിന് കാരണമായ വാഹനം ഓടിച്ചത് ശ്രീറാം വെങ്കട്ടരാമനായിരുന്നു. ഐ എ എസ് പദവി ഉപയോഗിച്ച് ഇയാൾ കേസിൽ നിന്നും രക്ഷപ്പെടാൻ ഗൂഢാലോചന നടത്തിയെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.
ഭാവിയിൽ ജില്ലാ മജിസ്ട്രേട്ടിൻ്റെയടക്കം ചുമതല വഹിക്കേണ്ട ഉദ്യോഗസ്ഥൻ, പൊലീസിനെ സ്വാധീനിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും രക്തസാമ്പിൾ നൽകാൻ വിസമ്മതിക്കുകയും ചെയ്തു. ആശുപത്രിയിൽ നിന്നും ജയിലിലേക്ക് റിമാൻഡ് ചെയ്ത് അയച്ചപ്പോഴും ജയിൽ ഡോക്ടറെ സ്വാധീനിച്ച് ജയിൽവാസം ഒഴിവാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഇദ്ദേഹത്തിന് റിട്രോഗ്രേഡ് അംനീഷ്യ എന്ന മാനസികരോഗമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആയതിനാൽ ഉത്തരവാദപ്പെട്ട ജോലികൾ ചെയ്യാൻ ഇദ്ദേഹം യോഗ്യനല്ലെന്നും പരാതിയിൽ സലീം മടവൂർ വ്യക്തമാക്കുന്നു.