കളഞ്ഞു കിട്ടിയ തുക ഉടമയെ തിരിച്ചേൽപ്പിച്ച് ബഹ്റൈൻ പ്രവാസി മലയാളി
കളഞ്ഞു കിട്ടിയ വൻതുക ഉടമയെ തിരിച്ചേൽപ്പിച്ച് ബഹ്റൈൻ പ്രവാസി മലയാളി. പതിനേഴ് വർഷമായി ബഹ്റൈൻ പ്രവാസിയായ വടകര മേപ്പയ്യിൽ സ്വദേശി അശോകന് അഭിനന്ദന പ്രവാഹമാണ്. റോഡിൽ നിന്നും കളഞ്ഞു കിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകിക്കൊണ്ടാണ് വടകര മേപ്പയ്യിൽ സ്വദേശിയും പനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തുള്ള കൻസാറ ജൂവലറിയിലെ ജീവനക്കാരനുമായ അശോകൻ സരോവർ ബഹ്റൈൻ പ്രവാസി മലയാളികൾക്ക് അഭിമാനമായത്.
ഇക്കഴിഞ്ഞ ദിവസം രാവിലെ ജൂവലറിയുടെ സമീപമുള്ള വഴിയിൽ വെച്ച്, ബിസ്കറ്റ് കവറിനുള്ളിൽ പൊതിഞ്ഞ നിലയിലാണ് ഇന്ത്യൻ രൂപയിൽ ഏകദേശം മൂന്ന് ലക്ഷത്തിനടുത്ത് വരുന്ന തുക, ആയിരത്തി അഞ്ഞൂറ്റി നാൽപത് ബഹ്റൈൻ ദിനാർ അശോകന് ലഭിക്കുന്നത്. ഉടൻ തന്നെ അശോകൻ ജ്വല്ലറി ഉടമയെ വിവരമറിയിച്ചു. തുടർന്ന് അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും മറ്റൊരു ജൂവലറിയിൽ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശിയുടേതാണ് പണം എന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തെ പണം തിരികെ ഏൽപ്പിച്ചു. നഷ്ടപ്പെട്ടു എന്ന് കരുതിയ തൻ്റെ പണം ഏറെ സന്തോഷത്തോടെ അദ്ദേഹം സ്വീകരിച്ചു. പാരിതോഷികമായി ഒരു തുക അശോകന് വാഗ്ദാനം ചെയ്തെങ്കിലും അശോകൻ അത് സ്നേഹപൂർവ്വം നിരസിച്ചു. ഭാര്യ സജിതയും മക്കളായ ആദിൽ, അലൻ എന്നിവർ വടകര മേപ്പയിലാണ് താമസിക്കുന്നത് എന്നും അശോകൻ പറഞ്ഞു.