കളിച്ച്, പഠിച്ചു വളരാം… മേപ്പയ്യൂരില്‍ 18 ക്രാഡില്‍ അങ്കണവാടികള്‍
കളിച്ചുവളരാം, ഇടയ്ക്ക് ടിവി കാണാം, പാട്ട് കേട്ട് നൃത്തം ചെയ്യാം, ഒപ്പം പ്രത്യേക മെനുവില്‍ സമഗ്ര പോഷകാഹാരവും. മേപ്പയ്യൂരിലെ ക്രാഡില്‍ അങ്കണവാടികളില്‍ കുരുന്നുകളെ കാത്തിരിക്കുന്നത് ഇവയെല്ലാമാണ്. പഞ്ചായത്തിലെ 18 അങ്കണവാടികളാണ് ആധുനികവത്ക്കരിച്ച് ക്രാഡില്‍ അങ്കണവാടികളാക്കി ഉയര്‍ത്തിയത്.
നിലവിലുള്ള അങ്കണവാടികളെ ആധുനികവത്ക്കരിച്ച് ശിശു സൗഹൃദവും, കുട്ടികളുടെ വളര്‍ച്ചയും, വികാസവും പരിപോഷിപ്പിക്കുന്ന തരത്തിലേക്ക് മാറ്റുകയാണ് ക്രാഡില്‍ അങ്കണവാടികളിലൂടെ ലക്ഷ്യമിടുന്നത്. അങ്കണവാടികള്‍ ശിശു സൗഹൃദമാക്കി പെയിന്റ് ചെയ്യുന്നതോടൊപ്പം ശിശു സൗഹൃദ ഫര്‍ണിച്ചറുകള്‍, ടെലിവിഷന്‍, മ്യൂസിക് സിസ്റ്റം, കളിയുപകരണങ്ങള്‍, സ്മാര്‍ട്ട് ബോര്‍ഡ് എന്നിവയും സ്ഥാപിക്കും. അങ്കണവാടി കെട്ടിടത്തിന് പുറത്ത് കിഡ്സ് ടര്‍ഫ്, അടുക്കളത്തോട്ടം എന്നിവയും ഒരുക്കും.
കുട്ടികളുടെ പോഷണകുറവ് പരിഹരിക്കുന്നതിനായി അങ്കണവാടികളില്‍ ക്രാഡില്‍ മെനുവും ഒരുക്കിയിട്ടുണ്ട്. തിങ്കള്‍ മുതല്‍ ശനിവരെ പാല്‍, മുട്ട, പയറു വര്‍ഗങ്ങളുമുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളാണ് മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്രാഡില്‍ അങ്കണവാടികളിലൂടെ പാലൂട്ടുന്ന അമ്മമാര്‍ക്ക് ന്യൂട്രി മാം, ഗര്‍ഭിണികള്‍ക്ക് ഗ്രാവി പ്രോയും വിതരണം ചെയ്യും.
3 മുതല്‍ 6 വയസ്സുവരെയുള്ള കുട്ടികളുടെ മാനസിക-ബൗദ്ധിക വികാസത്തിനായി ക്രാഡില്‍ പദ്ധതി പ്രകാരം ജെംസ് ബുക്കുകളും ഒരുക്കിയിട്ടുണ്ട്. എഴുത്തിനും വായനയ്ക്കും കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഓരോ പ്രായത്തിലുമുള്ളവര്‍ക്കും പ്രത്യേകമായാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. കുട്ടികള്‍, കൗമാരക്കാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കായി ആരോഗ്യ മാനസിക കാര്യങ്ങളില്‍ സ്വയം വിലയിരുത്താനും മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമായി ‘ദ ക്രാഡില്‍’ എന്ന പേരില്‍ ആപ്പും പ്രവര്‍ത്തിക്കുന്നുണ്ട്.
മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ 2020-21, 2021-22 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതികളിലുള്‍പ്പെടുത്തി 27 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് 18 അങ്കണവാടികള്‍ ക്രാഡിലാക്കി ഉയര്‍ത്തിയത്. മൂന്ന് അങ്കണവാടികള്‍കൂടി ക്രാഡിലാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുയാണ്. ഇതിനായി നാല് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ക്രാഡില്‍ അങ്കണവാടികളുടെ പഞ്ചായത്തുതല ഉദ്ഘാടനം വിനയ സ്മാരക അങ്കണവാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജശശി ഇന്ന് (ഓഗസ്റ്റ് 4) നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിക്കും.