കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി പ്രതിയായി തുടരും
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി പ്രതിയായി തുടരും. കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് സമര്‍പ്പിച്ച ഹര്‍ജി ബംഗളൂരു സിറ്റി സെഷന്‍സ് കോടതി തള്ളി. ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഏതാണ്ട് ഒരുവര്‍ഷത്തിനടുത്ത് ജയില്‍ ശിക്ഷ അനുഭവിച്ച ബിനീഷ് പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.
2020 ഓഗസ്റ്റില്‍ കൊച്ചി സ്വദേശിയായ മുഹമ്മദ് അനൂപ്, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രന്, കന്നഡ സീരിയല്‍ നടി ഡി.അനിഖ എന്നിവരെ നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്തതോടെയാണ് കള്ളപ്പണം വെളിപ്പിക്കല്‍ കേസിന്റെ ചുരുളഴിയുന്നത്.
അനൂപിനെ ചോദ്യം ചെയ്തപ്പോള്‍ ആദായ നികുതി നല്കാതെയുള്ള ഇടപാടുകളെക്കുറിച്ചും ബിനീഷിന്റെ ബന്ധങ്ങളെപ്പറ്റിയും സൂചനകള്‍ ഉയര്‍ന്നു വന്നു.തുടര്‍ന്നാണ് ഇഡി അന്വേഷണം ആരംഭിച്ചത്.
കേസില്‍ ബിനീഷ് നാലാം പ്രതിയായി. അനൂപുമായി പരിചയമുണ്ടെന്നും ബംഗളൂരുവില്‍ ഹോട്ടല്‍ നടത്തുന്നതിന് പണം വായ്പ നല്‍കിയെന്നല്ലാതെ മറ്റ് ബന്ധങ്ങളില്ലെന്നാണ് ബിനീഷ് മൊഴി നല്‍കിയത്. എന്നാല്‍ പണമിടപാടുകളുടെ സൂചനകള്‍ നോക്കി ബിനീഷ് അറസ്റ്റിലായിരുന്നു. ബംഗളൂരു 34-ാം അഡീഷണല്‍ സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതിയാണ് ബിനീഷിന്റെ ഹര്‍ജി തള്ളിയത്.