കഴിഞ്ഞ രണ്ട് വർഷത്തിനിടെ കേരളത്തിൽ മഹാത്മാ ​ഗാന്ധി ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാ​ഗമായി 4.24 ലക്ഷം തൊഴിൽകാർഡുകൾ റദ്ദാക്കി

വിവിധകാരണങ്ങളാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ കേരളത്തിൽ മഹാത്മാ ​ഗാന്ധി ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാ​ഗമായി 4.24 ലക്ഷം തൊഴിൽകാർഡുകൾ റദ്ദാക്കി. കഴിഞ്ഞ വർഷം മാത്രം 3.5 ലക്ഷം കാർഡുകളാണ് സംസ്ഥാനത്ത് റദ്ദായത്. 

വ്യാജ തൊഴിൽ കാർഡുകൾ, ഡ്യൂപ്ലിക്കേറ്റ് കാർഡുകൾ, ജോലി ചെയ്യാൻ തയ്യാറല്ലാത്ത ആളുകൾ, ഗ്രാമപഞ്ചായത്തിൽ നിന്ന് സ്ഥിരമായി സ്ഥലംമാറ്റം, മരണം തുടങ്ങിയ കാരണങ്ങളാലാണ് കാർഡുകൾ റദ്ദാക്കിയതെന്നാണ് ഗ്രാമവികസന മന്ത്രി ഗിരിരാജ് സിംഗ് പാർലമെന്റിൽ അറിയിച്ചത്.



അതേസമയം, തൊഴിലുറപ്പ് പദ്ധതിയിൽ നിർമാണ സാമഗ്രികൾ വാങ്ങിയ വകയിൽ കേരളത്തിനു ലഭിക്കാനുള്ള കുടിശ്ശികയെ സംബന്ധിച്ച ചോദ്യത്തിന് കേന്ദ്രസർക്കാർ വ്യക്തമായ ഉത്തരം നൽകിയില്ലെന്ന് എ എം ആരിഫ് എം പി പറഞ്ഞു. ഈയിനത്തിൽ കേരളത്തിന് 2023 ഏപ്രിൽ മുതൽ 220 കോടി നൽകാനുണ്ടോ എന്നായിരുന്നു ലോക്‌സഭയിലെ ചോദ്യം. അതിനു മറുപടിയായി 2023-24 സാമ്പത്തിക വർഷം തൊഴിലുറപ്പ് പദ്ധതിയിൽ 1207.98 കോടി രൂപ നൽകിയിട്ടുണ്ടെന്നു മാത്രമാണ് കേന്ദ്ര സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി അറിയിച്ചതെന്ന് ആരിഫ് പറഞ്ഞു.

Comments

COMMENTS

error: Content is protected !!