കവിയും, പ്രഭാഷകനുമായ കാര്യാവിൽ രാധാകൃഷ്ണൻ മാസ്റ്റർ നിര്യാതനായി

കവിയും പ്രഭാഷകനും സാഹിത്യ നിരൂപകനുമായ കാര്യാവിൽ രാധാകൃഷ്ണൻ മാസ്റ്റർ (69) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം നടന്നത്.
 
വടകര ബി.ഇ എം.എച്ച്.എസ്.എസ്. അധ്യാപകനായും പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ചു. മലബാർ ക്രിസ്ത്യൻ കോളജ് എച്ച്.എസ്.എസ്. കോഴിക്കോട്, ,സി.എം.എസ്. ഹൈസ്കൂൾ അരപ്പറ്റ ,വയനാട് ,എന്നിവിടങ്ങളിലും അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. യുവജനോത്സവ വേദികളിൽ ഭാഷാ സംബന്ധമായ മത്സരങ്ങളിൽ വിധികർത്താവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാച്ചിക്കുറുക്കിയ പദാവലികളിലൂടെ സൃഷ്ടിച്ചെടുത്ത ഒട്ടേറെ കാവ്യ ബിംബങ്ങൾ അഞ്ചോളം പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിദ്ധാർത്ഥൻ ഒന്നും സംസാരിക്കുന്നില്ല എന്നതായിരുന്നു ആദ്യ കവിതാ പുസ്തകം.നിരവധി പുരസ്കാരങ്ങൾ ഈ കവിതാ സമാഹാരത്തിന് ലഭിച്ചിട്ടുണ്ട്.
അധ്യാപക കലാ സാഹിത്യ വേദി സംസ്ഥാന കവിതാ പുരസ്കാരം ,കോഴിക്കോട് ജില്ലാ ഡയറ്റ് കവിതാ പുരസ്കാരം എന്നിവ അവയിൽ ചിലതാണ്. അവസാനമായി പുറത്തിറങ്ങിയത് ‘വലുതായില്ല ചെറുപ്പം’ എന്ന കവിതാ സമാഹാരമാണ്. പരന്ന വായന ,ഭാഷാ സാഹിത്യ കാര്യങ്ങളിലുള്ള അഗാധ പാണ്ഡിത്യം എന്നിവയിലൂടെ വേറിട്ട ഒരു അധ്യാപന സാധ്യത തുറന്നെടുത്ത മാഷിൻ്റെ വിയോഗം ഭാഷാ സ്നേഹികൾക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. അന്തരിച്ച ഭാഷാപണ്ഡിതൻ കാര്യാവിൽ ചന്ദ്രശേഖരൻ മാസ്റ്റർ ,കുമാരൻ നായർ ,പു ക സ പ്രവർത്തകനായ കാര്യാവിൽ രാജഗോപാലൻ എന്നിവർ സഹോദരങ്ങളാണ്.
ഭാര്യ. രോഹിണി ടീച്ചർ ( റിട്ട: എച്ച്.എം. കാപ്പാട് ജി.എം.യു.പി.എസ്) ,മക്കൾ: :സ്വരാഗ് ,ആർ.ജിഷ്ണു . (റിസർച്ച് സ്കോളർ & അസിസ്റ്റൻ്റ് പ്രൊഫസർ ) മരുമകൾ :ആർദ്ര .
Comments

COMMENTS

error: Content is protected !!