CRIME

കസ്റ്റഡി കൊലപാതകം: മരണ കാരണം ക്രൂര മര്‍ദ്ദനമെന്ന് ക്രൈംബ്രാഞ്ച്; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്; എസ്.പിയെ സ്ഥലം മാറ്റും

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. നാലുപ്രതികളും കൂടി രാജ്കുമാറിനെ അന്യായമായി തടവില്‍വെച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കേസിലെ നാല് പ്രതികളും പൊലീസുകാരാണ്.

 

ഒന്നും നാലും പ്രതികളുടെ അറസ്റ്റ് മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. രണ്ടും മൂന്നും പ്രതികള്‍ ഒളിവിലാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ജൂണ്‍ 12 ന് മുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയ15 വരെ രാജ്കുമാറിനെ കസ്റ്റഡിയില്‍ വെച്ച് അതിക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ക്രൈബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായി. സ്റ്റേഷന്‍ രേഖകളിലടക്കം കൃത്രിമം കാണിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റേഷന്‍ രേഖകള്‍ അടക്കം പിടിച്ചെടുത്താണ് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ഹാജരാക്കിയിരിക്കുന്നത്.
പൊലീസ് ഡ്രൈവറും നാലാം പ്രതിയുമായ സജീവ് ആന്റണി രാജ്കുമാറിനെ വണ്ടിപ്പെരിയാറില്‍ വെച്ച് മര്‍ദ്ദിച്ചു. ആ സമയത്ത് എസ്.ഐ സാബു ഒപ്പമുണ്ടായിരുന്നു. എന്നിട്ടും എസ്.ഐ മര്‍ദ്ദനം തടയാന്‍ ശ്രമിച്ചില്ല. തുടര്‍ന്ന് പ്രതികള്‍ രാജ്കുമാറിനെ സ്റ്റേഷനിലെത്തിച്ച് കാലിലും കാല്‍വെള്ളയ്ക്കും അടിച്ചു. കാല്‍ പുറകിലേക്ക് വലിച്ച് വെച്ച് പ്രാകൃതരീതിയിലായിരുന്നു മര്‍ദ്ദനം.
രാജ്കുമാറിന്റെ രണ്ട് കാലിലും കാല്‍ പാദത്തിലും തുടയിലും ക്രൂരമായി മര്‍ദ്ദനമേറ്റു. തട്ടിയെടുത്തുവെന്ന് പറയുന്ന പണം കണ്ടെത്താനെന്ന പേരിലായിരുന്നു മര്‍ദ്ദനം. അവശ നിലയിലായിട്ടും രാജ്കുമാറിന് ചികിത്സ നിഷേധിച്ചു. ചികിത്സ ലഭ്യമാക്കാതിരുന്നതിനെ തുടര്‍ന്നാണ് ന്യുമോണിയ ബാധിതനായി രാജ്കുമാര്‍ മരിക്കാനിടയായതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
ഇവ തെളിഞ്ഞ സാഹചര്യത്തിലാണ് കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിക്കൊണ്ട് പ്രതികളായ പൊലീസുകാര്‍ക്കെതിരെ കേസെടുത്തത്.
അതേസമയം, ഇടുക്കി സ്ഥലം എസ്.പി കെ.ബി വേണുഗോപാലിനെ മാറ്റാനും തീരുമാനമായി. എസ്.പിക്ക് പുതിയ ചുമതല നല്‍കില്ലെന്നാണ് സൂചന.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button