CRIME

കാക്കനാട് കൊലപാതകം നടത്തിയത് താൻ ഒറ്റയ്ക്കാണെന്നാണ് പ്രതിയുടെ മൊഴി

കൊച്ചി: യുവാവിനെ കൊലപ്പെടുത്തി ഫ്‌ലാറ്റിൽ ഒളിപ്പിച്ച കേസിൽ പ്രതി അർഷാദ് കുറ്റം സമ്മതിച്ചു. കാക്കനാട് കൊലപാതകം നടത്തിയത് താൻ ഒറ്റയ്ക്കാണെന്നാണ് പ്രതിയുടെ മൊഴി. എന്നാൽ, പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ടെങ്കിലും മൃതദേഹം മാറ്റാൻ പ്രതിക്ക് മറ്റാരുടെയോ സഹായം ഉണ്ടായിട്ടുണ്ട് എന്ന നിഗമനത്തിലാണ് പൊലീസ്. ലഹരി ഇടപാടിലെ കണ്ണികളെക്കുറിച്ചും വിപുലമായ അന്വേഷണമാണ് നടക്കുന്നത്.

കുറച്ചുനാളായി ലഹരിക്കടിമയായ അർഷാദ് കൊല്ലപ്പെട്ട സജീവന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട് പണം നൽകാനുണ്ടായിരുന്നു. ഇത് തിരികെ കിട്ടണമെന്ന് സജീവ് വാശിപിടിച്ചതോടെയാണ് ക്രൂരമായി മർദിക്കുകയും കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുകയും ചെയ്തത്. കൃത്യത്തിന് ശേഷം മൃതദേഹം റൂമിനകത്തെ പൈപ്പ് ഡെക്ടിനകത്തേക്ക് തളളിവെച്ചു. സംഭവം പുറത്തറിയും മുൻപേ സംസ്ഥാനം വിടാനായിരുന്നു പദ്ധതി. കസ്റ്റഡി കാലാവധി തീരും മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കാനുളള ശ്രമത്തിലാണ് പൊലീസ്.

ഇന്നലെ ഫ്ലാറ്റിലെത്തി പ്രാഥമിക തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. കൊലപാതകം നടത്തിയത് അർഷാദാണെങ്കിലും മൃതദേഹം മാറ്റാൻ മറ്റാരോ സഹായിച്ചുവെന്ന് പൊലീസ് ഉറച്ചുവിശ്വസിക്കുന്നു. ഇത് ആരാണെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ സഹായിച്ചവരെയും കണ്ടെത്തി ചോദ്യം ചെയ്തേക്കും.അർഷാദ് എത്തിച്ചേർന്ന ഇടങ്ങളിലും തെളിവെടുപ്പ് നടത്തും. ലഹരി ഉപയോഗവും വിപണനവും ഇതിന്റെ പേരിലുളള ക്രിമിനൽ സംഘങ്ങളും ഈ കേസിൽ എത്രമാത്രം ഉൾപ്പെട്ടിട്ടുണ്ടെന്നത് കൂടി പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button