CRIME
കാഞ്ഞങ്ങാട്ട് കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍
കാഞ്ഞങ്ങാട്ട് കോളേജ് വിദ്യാര്‍ഥിനിയായ നന്ദ ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ അലാമിപ്പള്ളി സ്വദേശി അബ്ദുള്‍ ഷുഹൈബിനെ പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിന്റെ ഭീഷണി കാരണമാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.
കാഞ്ഞങ്ങാട് സി കെ നായര്‍ ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ഥിനിയായ നന്ദയെ തിങ്കളാഴ്ചയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ മുകള്‍നിലയിലെ മുറിയിലായിരുന്നു മൃതദേഹം. മരിക്കുന്നതിന് മുമ്പ് നന്ദ, ഷുഹൈബിനെ വീഡിയോ കോള്‍ ചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു.
നന്ദയും ഷുഹൈബും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് നല്‍കുന്നവിവരം. അടുത്തിടെ ഇവരുടെ ബന്ധത്തില്‍ ഉലച്ചിലുണ്ടായി. ഇതോടെ നന്ദയുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഷുഹൈബ് ഭീഷണിപ്പെടുത്തി. സുഹൃത്തിന്റെ ഭീഷണി തുടര്‍ന്നതോടെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നും കാഞ്ഞങ്ങാട് ഡിവൈഎസ് പി പറഞ്ഞു.
സംഭവത്തില്‍ ബുധനാഴ്ച രാത്രി തന്നെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വ്യാഴാഴ്ച രാവിലെ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി.
സംഭവം ലൈവില്‍ കണ്ട് ഭയന്ന യുവാവ് വിവരം ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തി നേരിട്ടറിയിക്കുകയും ഇതിനിടയില്‍ നന്ദനയുടെ കൂട്ടുകാരിയെ വിളിച്ച് വിവരം പറയുകയും ചെയ്തിരുന്നു. കൂട്ടുകാരി വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ മുകളിലെ മുറിയിലെത്തി ഉടന്‍ കെട്ടഴിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടേയും യുവാവിന്റേയും ഫോണ്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. സംഭവം നടന്നത് മുതല്‍ യുവാവ് പൊലീസ് കസ്റ്റഡിയിലായിരുന്നു.
Comments