കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടു പേർക്ക് പരിക്കേറ്റു
താമരശ്ശേരി: കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടു പേർക്ക് പരിക്കേറ്റു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ ചെമ്പ്രക്കുണ്ട ബംഗ്ലാവുകുന്നു അബ്ദുൽ സലീം, സുഹൃത്ത് മുഫസിർ എന്നിവർ പൂനൂർ അങ്ങാടിയിൽനിന്ന് ജോലികഴിഞ്ഞ് തിരിച്ചുവരുന്ന വഴി വെട്ടിഒഴിഞ്ഞതോട്ടം അങ്ങാടിക്ക് സമീപം ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ മുമ്പിൽ കാട്ടുപന്നി കുറുകെ ചാടുകയായിരുന്നു. ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം.
ബൈക്ക് റോഡിലേക്ക് മറിഞ്ഞു വീണ് പരിക്കേറ്റ രണ്ട് പേരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറു മാസം മുമ്പ് വെട്ടിഒഴിഞ്ഞതോട്ടം ചെമ്പ്രകുണ്ട അങ്ങാടിക്ക് സമീപം കാട്ടുപന്നി കൂട്ടം ഓട്ടോക്കു മുന്നിൽ ചാടി ഓട്ടോ ഓടിച്ചിരുന്ന കൂരാച്ചുണ്ട് സ്വദേശി ഗുരുതര പരിക്കേറ്റ് മരിച്ചിരുന്നു.
വെട്ടിഒഴിഞ്ഞതോട്ടം ഭാഗത്ത് ചില വീടുകളിൽ കാട്ടുപന്നികൾ ഓടിക്കയറി വീട്ടുകാർക്ക് പരിക്കേറ്റ സംഭവവുമുണ്ടായിട്ടുണ്ട്. വെട്ടിഒഴിഞ്ഞതോട്ടവും പരിസര പ്രദേശങ്ങളിലും കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.