CALICUTDISTRICT NEWS
കാത്ത് ലാബ് ഒരുങ്ങി ബീച്ചാശുപത്രിയിൽ ഇനി ഹൃദയചികിത്സ
കോഴിക്കോട്: നൂതന ഹൃദയചികിത്സാ സൗകര്യങ്ങളുമായി ഗവ. ബീച്ച് ജനറൽ ആശുപത്രിയിൽ ആദ്യ കാത്ത് ലാബ് ഒരുങ്ങി. കാർഡിയോളജി വിഭാഗത്തിന് കീഴിൽ ആരംഭിച്ച അത്യാധുനിക ചികിത്സാകേന്ദ്രം ഈ മാസം അവസാനം മന്ത്രി കെ കെ ശൈലജ ഉദ്‌ഘാടനംചെയ്യും. കാത്ത് ലാബ് തുടങ്ങുന്നതോടെ ഹൃദയചികിത്സയ്‌ക്കായുള്ള ഗവ. മെഡിക്കൽ കോളേജിലെ തിരക്കിന് കുറവുണ്ടാകും.
പഴയ ബ്ലോക്കിലെ സൂപ്രണ്ട് ഓഫീസിന് സമീപത്തുള്ള കെട്ടിടത്തിലാണ് കാത്ത് ലാബ് സജ്ജമാക്കിയത്. 11 കോടി രൂപയുടേതാണ് പദ്ധതി. പൂർണതോതിൽ പ്രവർത്തനം തുടങ്ങിയാൽ ആൻജിയോപ്ലാസ്റ്റി, പേസ് മേക്കർ, ഐസിഡി ഇംപ്ലാന്റേഷൻ തുടങ്ങിയ ചികിത്സ ഇവിടെ ലഭ്യമാകും. എൻഎച്ച്‌എം മുഖേനയാണ് നടത്തിപ്പ്.
കഴിഞ്ഞ ഏപ്രിലിലായിരുന്നു ബീച്ച് ആശുപത്രിയിൽ കാർഡിയാക് യൂണിറ്റ് തുടങ്ങിയത്. മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾ കൂടിയ സാഹചര്യത്തിൽ ജൂലൈ പകുതിയോടെ കാർഡിയോളജി ഐസിയു, ഒപി, വാർഡ് എന്നിവ സജ്ജമാക്കി.
അതേസമയം കാർഡിയോളജിസ്‌റ്റിന്റെ സ്ഥിരനിയമനം ഇല്ലാത്തത് പ്രതിസന്ധിയാണ്. ഈ വിഭാഗത്തിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് സ്ഥിരനിയമനം വേണമെന്നാണ് ആവശ്യം. ഉദ്‌ഘാടനത്തോടനുബന്ധിച്ച് കാർഡിയോളജിസ്‌റ്റിനെ നിയമിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.
Comments