കോഴിക്കോട് കള്ളനോട്ട് കേസ്; പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി

കോഴിക്കോട്ടെ കള്ളനോട്ട് കേസില്‍ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജാണ് റിപ്പോര്‍ട്ട് കൈമാറിയത്. കള്ളനോട്ട് നിര്‍മാണ യൂണിറ്റ് പിടികൂടിയ സംഭവത്തില്‍ തീവ്രവാദബന്ധം ഉണ്ടോ എന്നും പൊലീസ് സംശയിക്കുന്നു.
ഇക്കഴിഞ്ഞ ജൂലൈ 25നാണ് സംസ്ഥാനത്ത് സമീപകാലത്തെ ഏറ്റവും വലിയ കള്ളനോട്ട് വേട്ട നടന്നത്. രഹസ്യന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മൂന്ന് കേന്ദ്രങ്ങളില്‍ നിന്നായി 24ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തു. ആറ്റിങ്ങലിലെ കള്ളനോട്ട് ഇടപാടിനെ തുടര്‍ന്നായിരുന്നു നടപടി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണ റിപ്പോര്‍ട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എവി ജോര്‍ജ് സമര്‍പ്പിച്ചത്.

സംസ്ഥാനത്തിന് പുറത്തേക്കും അന്താരാഷ്ട്ര കള്ളനോട്ട് ഇടപാടുകളുമായും സംഭവത്തിനുള്ള ബന്ധവും പരിശോധിക്കണം. ഇതിനായുള്ള നീക്കത്തിലാണ് പൊലീസ്.  പ്രതികളില്‍ ചിലര്‍ കരിപ്പൂര്‍ കള്ളനോട്ട് കേസിലടക്കം പ്രതികളാണ്. സംഭവത്തില്‍ തീവ്രവാദ ബന്ധമുണ്ടോ എന്ന സംശയവും പൊലീസിനുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് നീക്കം.

Comments

COMMENTS

error: Content is protected !!