KOYILANDILOCAL NEWS

കാപ്പാട് തീരത്ത് കടല്‍ക്ഷോഭം തടയാന്‍ നടപടി; വിഗദ്ധ സംഘം പഠനം തുടങ്ങി


കൊയിലാണ്ടി: കടലാക്രമണഭീഷണി ശക്തമായി നിലനില്‍ക്കുന്ന കാപ്പാട്-തുവ്വപ്പാറ മുതല്‍ കൊയിലാണ്ടി വലിയമങ്ങാട് വരെയുളള മൂന്നര കിലോമീറ്ററില്‍ തീരസംരക്ഷണ നടപടികള്‍ക്ക് തുടക്കമായി. സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടലാക്രണഭീഷണിയുളള പത്ത് ഹോട്ട് സ്‌പോട്ടുകളെ കണ്ടെത്തിയിരുന്നു. ഇതില്‍ ഉള്‍പ്പെട്ടതാണ് കാപ്പാട് മുതല്‍ വലിയമങ്ങാട് വരെയുളള തീരം. കഴിഞ്ഞ രണ്ട് വര്‍ഷമായി നടന്ന കടലാക്രണത്തില്‍ ഈ ഭാഗം പൂര്‍ണ്ണമായി കടലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇവിടെ പ്രത്യേക മേഖലയായി തിരിച്ചു കടല്‍തീരം സംരക്ഷിക്കാന്‍ നടപടിയായത്. ഇതിന്റെ ഭാഗമായി ചെന്നൈ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് ഉദ്യോഗസ്ഥരും,ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയിലെ വിദദ്ധരും കാപ്പാട് എത്തി പരിശോധന ആരംഭിച്ചു. രണ്ടാഴ്ചയോളം വിദഗ്ധ സംഘം കാപ്പാട് തീരത്തുണ്ടാവും.

ചെന്നൈയില്‍ നിന്നു കൊണ്ടുവരുന്ന നാല് വലിയ ബോട്ടുകളില്‍ സ്ഥാപിച്ച അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് സംഘം ഇവിടെ ഗവേഷണം നടത്തും. കടലിന്റെ ആഴം, തിരമാലകളുടെ ശക്തി, കാറ്റിന്റെ ഗതി, കടലിന്റെ സ്വഭാവം തുടങ്ങിയ സകല കാര്യങ്ങളും സംഘം പഠിക്കും. തീരത്ത് നിന്ന് ഏകദേശം നാല് കിലോമീറ്റര്‍ പരിധിയിലാണ് പഠനം നടത്തുക. ഇതിനായി കടലിലും ചില ഉപകരണങ്ങള്‍ സ്ഥാപിക്കും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയിലെ ചീഫ് സയന്റിസ്റ്റ് എസ് ജയകുമാര്‍, നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞരായ യു എസ് പാണ്ടെ, സത്യകിരണ്‍ രാജു, ഡോ ജസ്ബിന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 12 അംഗ സംഘമാണ് പഠന ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പഠനത്തിന് ശേഷം ഈ മേഖലയിലെ തീരസംരക്ഷണത്തിനുളള രൂപരേഖ തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കും. മേജർ ഇറിഗേഷന്‍ വിഭാഗമാണ് കടല്‍സംരക്ഷണ പ്രവൃത്തികള്‍ക്കും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്.


കടലാക്രണം വലിയ തോതില്‍ നേരിടുന്ന തീരങ്ങള്‍ സംരക്ഷിക്കുന്നതിന് കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ഒന്‍പത് കോടിയോളം രൂപ അനുവദിച്ചിരുന്നു. ശംഖുമുഖം, കൊല്ലങ്കോട്, ആലപ്പാട്, ഒറ്റമശ്ശേരി, ചെല്ലാനം, കൈപ്പമംഗലം, പൊന്നാനി, തലശ്ശേരി, വയ്യപ്പറമ്പ് എന്നിവയാണ് കാപ്പാടിനെ കൂടാതെയുളള മറ്റ് ഹോട്ട് സ്‌പോട്ടുകള്‍. ചെല്ലാനത്ത് ചെന്നൈ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിന്റെ സഹായത്തോടെ പഠനം നടത്തി ഒരു ഹൈബ്രിഡ് പദ്ധതി നടപ്പിലാക്കി (കടല്‍ഭിത്തികളുടെയും ചെറുപുലിമുട്ടുകളുടെയും സംയോജിത നിര്‍മ്മാണം) അവലംബിക്കുകയും പ്രവൃത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കോവളത്തും പൂന്തുറയിലും ഓഫ് ഷോര്‍ ബ്രെയിക്ക് വാട്ടര്‍ പദ്ധതിയാണ് കടലാക്രണമം തടയാന്‍ നടപ്പിലാക്കിയത്.
കാപ്പാട് മുതല്‍ കൊയിലാണ്ടി ഹാര്‍ബര്‍ വരെ തുടര്‍ച്ചയായി ഉണ്ടാവുന്ന കടലാക്രണത്തെ തുടര്‍ന്ന് തീരദേശ റോഡ് പാടെ തകര്‍ന്ന് കിടപ്പാണ്. ഇത് കാരണം കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് സന്ദര്‍ശകര്‍ക്ക് എത്താന്‍ വലിയ പ്രയാസമാണ്. കടല്‍ഭിത്തി ശാസ്ത്രീയമായി സംരക്ഷിച്ചെങ്കില്‍ മാത്രമേ തീരപാതയും നിലനില്‍ക്കുകയുളളു. ഇതിന്റെ അടിസ്ഥാനത്തിലാണ് കടല്‍ഭിത്തി സംരക്ഷിക്കാനുളള നടപടികള്‍ക്ക് ജീവന്‍ വെച്ചത്. നേരത്തെ കാപ്പാട് മുതല്‍ ഹാര്‍ബര്‍ വരെ 16 ചെറു പുലിമുട്ടുകള്‍ നിര്‍മ്മിക്കാനുളള പദ്ധതി  ഇറിഗേഷന്‍ വകുപ്പ് സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു.


ഗവേഷണത്തിനെത്തിയ വിഗദ്ധ സംഘം കാനത്തില്‍ ജമീല എം എല്‍ എയുമായി ചര്‍ച്ച നടത്തി. മേജർ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ ഷാലു സുധാകരന്‍, അസി.എഞ്ചിനിയര്‍ പി സരിന്‍, ഓവര്‍സിയര്‍ റമീസ് അഹമ്മദ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. പഠന ഗവേഷണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വലിയമങ്ങാട് മുതല്‍ തുവ്വപ്പാറ വരെയുളള നാല് കിലോമീറ്റര്‍ ചുറ്റളവില്‍ ചില ഉപകരണങ്ങള്‍ സ്ഥാപിച്ചതിനാല്‍ ഈ ഭാഗത്ത് മീന്‍ പിടിക്കുന്ന മത്സ്യ തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് എം എല്‍ എ പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button