CALICUTDISTRICT NEWS
കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടുയുവാക്കൾ മരിച്ചു

ബേപ്പൂർ: തിരുവോണനാളിൽ ദേശീയപാതയിൽ പന്നിയങ്കര മത്സ്യമാർക്കറ്റിനുസമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടുയുവാക്കൾ മരിച്ചു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ നാലിനായിരുന്നു അപകടം. പിക്കപ്പ് വാൻ ഡ്രൈവറുൾപ്പെടെ അഞ്ചുപേർക്ക് സാരമായി പരിക്കേറ്റു.
ബേപ്പൂർ രേഷ്മി മൻസിലിലെ മുഹമ്മദ് ഷാഫിയുടെയും ഗുൽസാറിന്റെയും മകൻ ഷാഹിദ്‌ഖാൻ (23), രാമനാട്ടുകര വൈദ്യരങ്ങാടിക്കടുത്ത് പുളിഞ്ചോട് ചോയിൽ വീട്ടിൽ പരേതനായ മുസ്തഫയുടെയും റസിയയുടെയും മകൻ മുനാവ്വർ (22) എന്നിവരാണ് മരിച്ചത്. കാർ പാടെ തകർന്നനിലയിലാണ്. പാൽ കയറ്റിപ്പോവുകയായിരുന്ന പിക്കപ്പ് വാനും കേടുപാടുകളുണ്ട്. കാറിൽ സഹയാത്രികരായിരുന്ന രാമനാട്ടുകര സ്വദേശികളായ അക്‌മൽ (23), സനജ് (23), സാലിക് (23) സെയിനുദ്ദീൻ (23), പൂളക്കടവിലെ സാലിഖ് എന്നിവരെയും മിൽമാ വാൻ ഡ്രൈവറായ യാസറിനെയും (32) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബേപ്പൂരിലെ വീട്ടിൽ തനിച്ചായിരുന്ന ഷാഹിദ് ഖാനും രാമനാട്ടുകരയിൽനിന്ന് കാറിലെത്തിയ മുനാവ്വറും സുഹൃത്തുകളുമാണ് പുലർച്ചെ കാറിൽ യാത്രതിരിച്ചത്. മുനാവ്വറാണ് കാറോടിച്ചിരുന്നത്. ബേപ്പൂർ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കാറാണ് എതിർവശത്തുനിന്ന് വരുകയായിരുന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്.
മുനാവ്വറിന്റെ പിതാവ് മുസ്തഫ ഗൾഫിൽ രണ്ടുവർഷംമുമ്പാണ് വാഹനാപകടത്തിൽ മരിച്ചത്. ഷാഹിദ്‌ഖാന്റെ പിതാവ് മുഹമ്മദ് ഷാഫി അരക്കിണറിൽ വസ്ത്രവ്യാപാരിയാണ്. മാത്തറ പി.കെ. കോളേജിൽനിന്ന് ബിരുദപഠനം പൂർത്തിയാക്കിയ ഷാഹിദ്‌ഖാനും ഗൾഫിൽ നേരത്തേ ജോലിചെയ്തിരുന്നു. മുനാവ്വറും നാട്ടിലെ സ്വകാര്യ സ്ഥാപനങ്ങളിലാണ് ജോലിചെയ്യുന്നത്. ഷാഹിദ് എസ്.എഫ്.ഐ. സൗത്ത് ഏരിയാ സെക്രട്ടറിയായിരുന്നു.
ഇർഫാനയാണ് ഷാഹിദ്‌ഖാന്റെ സഹോദരി. മെഹറാസ്, ഫൈറൂസ്, റിസാന എന്നീ സഹോദരിമാരുണ്ട് മുനാവ്വറിന്.
പോസ്റ്റ്‌മോർട്ടത്തിനുശേഷം ഷാഹിദ്‌ഖാന്റെ മൃതദേഹം മാത്തോട്ടം കബറിസ്ഥാൻ പള്ളിയിലും മുനാവ്വറിന്റെ മൃതദേഹം വൈദ്യരങ്ങാടി കബറിസ്ഥാൻ പള്ളിയിലും കബറടക്കി.
Comments