CRIME

കാർത്തികപ്പള്ളി കവർച്ച; മൂന്നുമണിക്കൂറിനുള്ളിൽ ചിത്രം വ്യക്തം

വടകര: അഭ്യൂഹങ്ങൾ പ്രചരിക്കാൻപോലും സമയം കിട്ടിയില്ല. അതിനുമുമ്പെ കാർത്തികപ്പള്ളി കവർച്ച സംബന്ധിച്ച് വ്യക്തതവരുത്താനായത് പോലീസിന് നേട്ടമായി. ഇല്ലാക്കഥകൾ പ്രചരിക്കുന്നതിനുള്ള വഴിയെല്ലാം പിന്നെ അടഞ്ഞു. സംഭവം പുറംലോകം അറിയുന്നത് മൂന്നുമണിയോടെയാണ്. ഏതാണ്ട് ആറുമണിയോടെതന്നെ സംഭവത്തിന്റെ യഥാർഥചിത്രം തെളിഞ്ഞു. അപ്പോഴേക്കും കുറ്റംചെയ്ത യുവതി പോലീസിന്റെ വലയിലുമായി. പോലീസ് സ്ഥലത്തെത്തി ചുറ്റുപാടുകൾ നിരീക്ഷിച്ചശേഷം അയൽവാസികളിൽനിന്ന് മൊഴിയെടുത്തിരുന്നു. ഒരു കുട്ടി പിറകിലെ ഇടവഴിയിൽ നിൽക്കുന്നതായ വിവരം ലഭിക്കുന്നത് അപ്പോഴാണ്. ഈ കുട്ടിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ അത് സമീറയിലെത്തി. അപ്പോഴേക്കും വെട്ടേറ്റ ഹലീമ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനനൽകി. ഇതുകൂടിയായതോടെ എസ്.പി.യും ഡിവൈ.എസ്.പി.യുമെല്ലാം സമീറയെ കസ്റ്റഡിയിലെടുക്കാൻ നിർദേശം നൽകി.

 

ഹലീമയുടെ വീട്ടിൽനിന്ന് അഞ്ഞൂറുമീറ്റർ അകലെയാണ് സമീറയുടെ വീട്. വീട്ടിലേക്ക് പോലീസ് പോയപ്പോൾ അവിടെ സമീറ ഉണ്ടായിരുന്നില്ല. പോലീസ് വീട്ടിൽത്തന്നെ നിലയുറപ്പിച്ചു. വീട്ടുകാർ വിവരം സമീറയ്ക്ക് നൽകുന്നത് തടയാൻ എല്ലാവരെയും ഒരുമുറിയിലാക്കി പോലീസ് കാവൽനിന്നു. അങ്ങോട്ടേക്ക് ഫോൺ വിളിക്കുന്നത് വിലക്കി. ഇതിനിടെ വീട്ടിലേക്ക് നടന്നുവരികയായിരുന്ന സമീറ പോലീസിനെക്കണ്ട് ഇതെന്താ ഇവിടെയെല്ലാം പോലീസ് എന്നുപറഞ്ഞുകൊണ്ട് തിരിഞ്ഞോടി. പോലീസ് പെട്ടെന്നുതന്നെ പിന്തുടർന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മൂരാടിലാണ് സമീറയെ വിവാഹം ചെയ്തത്.
കാർത്തികപ്പള്ളിയുടെയും സമീപപ്രദേശമായ ഓർക്കാട്ടേരിയുടെയും ഞെട്ടൽ മാറിയിട്ടില്ല. തീർത്തും ഗ്രാമീണമേഖലയായ ഇവിടെ ഇത്തരത്തിലുള്ള അക്രമവും കവർച്ചയും സങ്കൽപ്പിക്കാൻപോലും കഴിയില്ലായിരുന്നു നാട്ടുകാർക്ക്. സംഭവം പെട്ടെന്നുതന്നെ സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ചു. നമ്മുടെ നാടും സുരക്ഷിതമല്ല എന്നൊക്കെയുള്ള വചനങ്ങളും ഒപ്പമുണ്ടായി. സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെപ്പേരാണ് സംഭവമറിഞ്ഞ് വീട്ടിലേക്കെത്തിയത്. ഹലീമയുടെ മകളും അടുത്തുതാമസിക്കുന്ന മരുമകളും ഇവരുടെ മകനുമെല്ലാം വീട്ടിലെത്തി. പോലീസിന് കൃത്യമായ വിവരങ്ങൾ ഇവർ കൈമാറി. സമീറ വീട്ടിലേക്ക് വരുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് ചോദിച്ചറിഞ്ഞു. കിടപ്പുമുറിയിലെ ചുമരിലും കിടക്കയിലും തലയണയിലുമെല്ലാം രക്തക്കറയുണ്ട്. ചില സ്യൂട്ട്കേസുകൾ വലിച്ചിട്ടനിലയിലാണ്. ഇവയിൽനിന്നെല്ലാം വിരലടയാള വിദഗ്‌ധർ തെളിവുശേഖരിച്ചു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button