കിടപ്പാടമൊരുക്കാൻ അരക്കോടിയുടെ ഭൂമി സൗജന്യമായി വിട്ടു നൽകി ദമ്പതികൾ.
കയ്പമംഗലം: നിർധനരായ ആറ് കുടുംബങ്ങൾക്ക് കിടപ്പാടമൊരുക്കാൻ അരക്കോടിയുടെ ഭൂമി സൗജന്യമായി വിട്ടു നൽകി ദമ്പതികൾ. എടത്തിരുത്തി പൈനൂർ പല്ലയിലാണ് ആറ് കുടുംബങ്ങൾക്ക് 30 സെന്‍റ് ഭൂമി സൗജന്യമായി നൽകിയത്. വാടാനപ്പള്ളി സ്വദേശി കടവിൽ ബഷീർ, ഭാര്യ ഷാജിത എന്നിവരാണ് കാരുണ്യ ഹസ്തം നീട്ടിയത്. വലപ്പാട്, എടത്തിരുത്തി പഞ്ചായത്തുകളുടെ പരിധിയിൽ വാടകക്കും മറ്റുള്ളവരുടെ ദയയിലും താമസിക്കുന്നവരാണ് ആറ് കുടുംബങ്ങൾ.
ടാർ റോഡിന് അഭിമുഖമായിട്ടുള്ള ഭൂമിയിൽ മറ്റുള്ളവർക്കായി 12 അടി വീതിയിലുള്ള വഴിയും മാറ്റിയിട്ടിട്ടുണ്ട്. ഭൂമി ലഭിച്ചവരിൽ വലപ്പാട് ഗവ. ഹൈസ്കൂൾ പത്താം ക്ലാസിലെ ഭിന്നശേഷിക്കാരിയായ വിദ്യാർഥിനിയുടെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ ചെലവഴിച്ചുള്ള വീട് നിർമാണം അധ്യാപക സംഘടന ഏറ്റെടുത്തതായി കെ.എസ്.ടി.എ ജില്ല കമ്മിറ്റി അംഗവും കുട്ടിക്കൊരു വീട് പദ്ധതിയുടെ കൺവീനറുമായ ടി.വി. ചിത്രകുമാർ അറിയിച്ചു. ഭൂമി വിട്ടു നൽകിയ കടവിൽ ബഷീർ, ഭാര്യ ഷാജിത, നേതൃത്വം വഹിച്ച കടവിൽ ഹൈദ്രോസ് കുട്ടി ഹാജി എന്നിവരെ ചടങ്ങിൽ ആദരിച്ചു. വാർഡ് അംഗം പി.എച്ച്. ബാബു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മഞ്ജുള അരുണൻ ആധാരം വിതരണം ചെയ്തു.