കിണറിടിഞ്ഞു അപകടത്തില്‍ കുടുങ്ങിയ തൊഴിലാളിക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു

കൊല്ലം: കൊട്ടിയം പുഞ്ചിരിചിറയില്‍ കിണറ്റില്‍ റിങ് ഇറക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ പെട്ട് കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു. മുട്ടക്കാവ് സ്വദേശി സുധീറാണ് കിണറ്റില്‍  കുടുങ്ങിയത്.
വലിയ ജെസിബി ഉപയോഗിച്ച് കിണറിന്റെ സമീപത്തുതന്നെ മറ്റൊരു കുഴിയെടുത്ത് അദ്ദേഹത്തെ പുറത്തെടുക്കാനുള്ള ശ്രമമാണ് പോലീസും ഫയർഫോഴ്സും നടത്തുന്നത്. ആദ്യം എത്തിച്ച വലിയ ജെസിബി കുഴിയിലേക്ക് ഇറക്കാൻ സാധിക്കാത്തതിനാൽ ചെറിയ ജെസിബി എത്തിച്ച് രക്ഷാപ്രവർത്തനം തുടരുകയാണ്. 16 മണിക്കൂറായി നടത്തുന്ന രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

35 അടിയോളം കുഴി തുരന്നിട്ടുണ്ട്. ഇനിയും 15 അടിയോളം അടിയോളം താഴേക്ക് എത്തിയാൽ മാത്രമേ സുധീറിനെ പുറത്തെത്തിക്കാന്‍ സാധിക്കൂ. അതിനുശേഷമേ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കുകയുള്ളൂ.രാത്രിയിൽ കനത്ത മഴയായിരുന്നതുകൊണ്ട് രക്ഷാപ്രവർത്തനം നിർത്തിവെച്ചിരുന്നു.

ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. കിണറിൽ റിങ് ഇറക്കാനെത്തിയതായിരുന്നു സുധീർ അടക്കമുള്ള തൊഴിലാളികൾ. റിങ് ഇറക്കുന്നതിനിടെ അപകടസാധ്യത മുന്നിൽക്കണ്ട് കിണറിനുള്ളിൽനിന്ന് ധൃതിയിൽ മുകളിലേക്ക് കയറിവരുന്നതിനിടെയാണ് സുധീറിന്റെ ചുമലിലേക്ക് തൊടി ഇടിഞ്ഞുവീണത്.

അറുപത്തഞ്ചടിയോളം താഴ്ചയുള്ള ഈ കിണറിന്റെ പണികൾ മുമ്പും കരാർ എടുത്തിരുന്നത് ഇതേ തൊഴിലാളികളായിരുന്നു. അഞ്ചും നാലും മൂന്നും രണ്ടും അടി വ്യാസമുള്ള നാലുതരം തൊടികൾ ഈ കിണറ്റിൽ നേരത്തേതന്നെയുണ്ടായിരുന്നു.

Comments

COMMENTS

error: Content is protected !!