കീഴരിയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ലാബ് തുടങ്ങി
കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കൽ ലാബ് പ്രവര്‍ത്തനം തുടങ്ങി.
ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തിയാണ് ലാബ് നിര്‍മ്മിച്ചത്. ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 1.45 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ആളുകള്‍ക്ക് ജീവിതശൈലീ രോഗനിര്‍ണയത്തിന് സഹായകരമാവുന്ന വിധത്തിലാവും ലാബ് പ്രവര്‍ത്തനം നടത്തുക. വൈകിട്ട് ആറ് മണി വരെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ലാബ് ടെക്‌നീഷ്യന്റെ തസ്തികയും അനുവദിച്ചിട്ടുണ്ട്. കേരളത്തിന്റെ ആരോഗ്യ മേഖലയുടെ സമഗ്ര പുരോഗതിക്കായുള്ള സംസ്ഥാന സര്‍ക്കാരിന്റെ രോഗീ സൗഹൃദ സംരംഭമാണ് ആര്‍ദ്രം പദ്ധതി.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.നിര്‍മ്മല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.എം.സുനില്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ നിഷ വല്ലിപ്പടിക്കല്‍ , ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഐ.സജീവന്‍, വാര്‍ഡ് മെമ്പര്‍ ജലജ ടീച്ചര്‍, മെഡിക്കല്‍ ഓഫീസര്‍ ടി.പി.മുഹമ്മദ് അഷ്‌റഫ്, ഡോ.പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.