കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്മ്യൂണിറ്റി ഹാൾ മ്യൂസിയമാക്കി മാറ്റാൻ ഭരണ സമതിക്ക് അധികാരമില്ല; പഞ്ചായത്തിനെതിരെ ഓംബ്ഡ്സ്മാൻ വിധി
കീഴരിയൂർ: മുൻ എം പി മുല്ലപ്പള്ളി രാമചന്ദ്രൻ്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2013 ൽ നിർമിച്ച കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്മ്യൂണിറ്റി ഹാൾ മ്യൂസിയമാക്കി മാറ്റാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം തെറ്റാണെന്നും ഗ്രാമസഭയെ മറികടന്ന് ഗ്രാമപഞ്ചായത്ത് തീരുമാനമെടുക്കുന്നത് ഗ്രാമ സ്വരാജ് സങ്കൽപ്പത്തിന് എതിരാണെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാൻ ഉത്തരവിട്ടു. കമ്മ്യൂണിറ്റി ഹാൾ മ്യൂസിയമാക്കി മാറ്റാനുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരമാനത്തിനെതിരെ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ജഡ്ജി വിധി പ്രസ്താപിച്ചത് .
എം പി ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിൽ 2017-18 വർഷത്തിൽ പേരാമ്പ്ര എം എൽ എയായ ടി പി രാമകൃഷ്ണൻ 57 ലക്ഷം രൂപ അനുവദിക്കുകയും ഈ തുക ഉപയോഗിച്ച് ഓഡിറ്റോറിയം നിർമിക്കാൻ കെ പി ഗോപാലൻ നായർ പ്രസിഡണ്ടായിരുന്ന അന്നത്തെ ഭരണ സമതി തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ നിർമാണ പ്രവർത്തനം പൂർത്തിയായിക്കൊണ്ടിരിക്കേ കെട്ടിടം മ്യൂസിയമാക്കി മാറ്റാൻ കെ കെ നിർമല പ്രസിഡണ്ടായുള്ള പുതിയ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തതാണ് പരാതിക്കിടയാക്കിയത്. ഭരണസമിതി കാലാകാലങ്ങളിൽ മാറി വരുമ്പോൾ മുൻ ഭരണ സമിതിയുടെ തീരുമാനമനുസരിച്ച് പണം മുടക്കി പണിതിട്ടുള്ള നിർമാണങ്ങളിൽ ഗ്രാമസഭയുടെ അംഗീകാരമില്ലാതെ മാറ്റം വരുത്തുന്ന നടപടി ആശ്വാസ്യമല്ലെന്ന് വിധിയിൽ എടുത്തു പറഞ്ഞിട്ടുണ്ട്. ഓഡിറ്റോറിയം നിർമാണത്താന് 11-11-2019 ലും O3- O3 – 2020 ലും എടുത്ത തീരുമാനം റദ്ദ് ചെയ്യാതെയും ഗ്രാമസഭയുടെ അനുവാദം കൂടാതെയും മറ്റൊരു തീരുമാനമെടുക്കുന്നത് നല്ല കീഴ് വഴക്കമല്ലെന്ന് ജഡ്ജി ചൂണ്ടികാട്ടി.
ഗ്രാമസഭയുടെ അംഗീകാരത്തോടു കൂടിയും എം പി ഫണ്ട് ഉപയോഗിച്ച് പണി തുടങ്ങിയ നിലയ്ക്കും നിലവിലെ എം.പിയുടെയും എം എൽ എയുടേയും അംഗീകാരത്തോടും കൂടി മാത്രമേ നിർമാണ സ്വഭാവം മാറ്റാവൂ എന്നും ഗ്രാമസഭയും എം പിയും എം എൽഎയും നിർമാണ സ്വഭാവ മാറ്റം അംഗീകരിക്കാത്ത പക്ഷം നിലവിലെ പദ്ധതി തീരുമാനപ്രകാരം പണി പൂർത്തിയാക്കി റിപ്പോർട്ട് ചെയ്യണമെന്നും പഞ്ചായത്ത് സിക്രട്ടറിക്ക് നൽകിയ വിധി ഉത്തരവിൽ പറയുന്നു. പൊതുപരിപാടികൾ നടത്താനുള്ള പഞ്ചായത്തിലെ ഏകകേന്ദ്രമായ ബോംബു കേസ് സ്മാരക മന്ദിരത്തിലെ രണ്ടു ഹാളുകളൂം മ്യൂസിയമാക്കി മാറ്റാനുള്ള പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിനെതിരെ കോൺഗ്രസ് കമ്മിറ്റി പ്രക്ഷോഭം നടത്തുന്നതിനിടയിലാണ് കോൺഗ്രസ് പാർട്ടി ഓംബുഡൻസ്മെന് പരാതി നൽകിയത്. പഞ്ചായത്ത് ഭരണസമിതിയുടെ ധാർഷ്ഠ്യത്തിനും വിവേക കുറവിനും ലഭിച്ച തിരിച്ചടിയാണ് വിധിയെന്നും തെറ്റ് തിരുത്തി ബോംബ് കേസ് സ്മാരക കമ്മ്യൂണിറ്റി ഹാളും ചരിത്ര ലൈബ്രറിയും എത്രയും വേഗത്തിൽ ജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്നും കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഇടത്തിൽ ശിവൻ ആവശ്യപ്പെട്ടു.