കീഴരിയൂർ സർവ്വീസ് സഹകരണ ബാങ്കിൽ നടന്നത് പരാജയപ്പെട്ട മോഷണശ്രമം; ബാങ്ക് പ്രസിഡണ്ട് ചുക്കോത്ത് ബാലൻ നായർ
നമ്പ്രത്ത്കര: കീഴരിയൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നമ്പ്രത്ത്കര ശാഖയിൽ നടന്നത് പരാജയപ്പെട്ട കർച്ചാ ശ്രമം. ഷട്ടർ തകർത്ത് അകത്ത് പ്രവേശിച്ച സംഘം ബാങ്കുമുറിയിലെ ഷെൽഫുകളും ഡ്രോയറുകളുമൊക്കെ തുറക്കുകയും റിക്കാർഡുകൾ വലിച്ചു വാരിയിടുകയും ചെയ്തതല്ലാതെ പണമൊന്നും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ല. സ്റ്റ്രോംഗ് റൂമിൽ പ്രവേശിക്കാനോ ഖജനാവ് തുറക്കാനോ മോഷ്ടാക്കൾക്ക് സാധിച്ചിട്ടില്ലെന്ന് ബാങ്ക് പ്രസിഡണ്ട് ചുക്കോത്ത് ബലൻ നായരും മാനേജർ ടി നന്ദകുമാറും പറഞ്ഞു .
ഡോഗ് സ്കോഡും ഫിംഗർ പ്രിന്റ് വിദഗ്ധരും ബാങ്കിലെത്തി വിശദമായ പരിശോധ നടത്തിവരികയാണ്. കിട്ടുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ മോഷ്ടാക്കളിലേക്ക് എത്താനും പിടികൂടാനും കഴിയുമെന്ന് സി ഐ സുനിൽകുമാർ പ്രതീക്ഷ പ്രകടിപ്പിച്ചു. പോലീസ് പരിശോധിച്ചതിൽ ഷട്ടർ തകർക്കാനുപയോഗിച്ചതെന്ന് കരുതുന്ന സ്ക്രൂഡ്രൈവറും ഇരുമ്പുപകരണവും കണ്ടെടുത്തിട്ടുണ്ട്. സേഫ്റ്റി അലാറം അടിച്ചു തകർത്തിട്ടുണ്ട്. വ്യാഴ്ച അർദ്ധരാത്രിക്ക് ശേഷമായിരിക്കും മോഷ്ടാക്കളെത്തിയത് എന്നാണ് പോലീസിന്റെ നിഗമനം. ഈ പ്രദേശങ്ങളിലാകെ മോഷണം പതിവായിരിക്കയാണെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. രണ്ട് ദിവസം മുമ്പ് മുത്താമ്പിയിലും മോഷണശ്രമം നടന്നിരുന്നു.