കുടിവെള്ളം നല്‍കാമെന്ന് കേരളത്തിന്റെ വാഗ്ദാനം തമിഴ്‌നാട് സര്‍ക്കാര്‍ നിരസിച്ചു

കടുത്ത വരള്‍ച്ച നേരിടുന്ന തമിഴ്‌നാടിന് കുടിവെള്ളം നല്‍കാമെന്ന കേരളത്തിന്റെ വാഗ്ദാനം തമിഴ്‌നാട് സര്‍ക്കാര്‍ നിരസിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഓഫീസിനെ കുടിവെള്ളം എത്തിക്കാനുള്ള സന്നദ്ധത കേരളം അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ വെള്ളം ആവശ്യമില്ലെന്ന മറുപടിയാണ് ലഭിച്ചത്.

 

തിരുവനന്തപുരത്തു നിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളമെത്തിക്കാമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഫീസ് തമിഴ്‌നാട് മുഖ്യമന്ത്രിയെ അറിയിച്ചത്. എന്നാല്‍ കേരളത്തിന്റെ വാഗ്ദാനം തമിഴ്‌നാട് സര്‍ക്കാര്‍ നിരസിച്ചു. ഇപ്പോള്‍ വെള്ളം ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഓഫീസിന്റെ മറുപടി. ചെന്നൈയിലെ പ്രധാന ജലാശയങ്ങളൊക്കം വറ്റിവരണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയെ വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരള സര്‍ക്കാരിന്റെ സഹായ വാഗ്ദാനം.

 

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയറിയിച്ച് തമിഴ്‌നാട് പ്രതിപക്ഷ നേതാവും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിന്‍ രംഗത്തെത്തി. കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് കേരളത്തിന്റെ സഹായത്തോടെ വെള്ളമെത്തിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മുല്ലപെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് കേരളത്തിന്റെ വാഗ്ദാനം നിരസിക്കാന്‍ തമിഴ്‌നാടിനെ പ്രേരിപ്പിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Comments
error: Content is protected !!