കുടുംബശ്രീയുടെ ‘തിരികെ സ്കൂളിൽ’ ക്യാമ്പയിന് ജില്ലയിൽ ഞായറാഴ്ച തുടക്കമാകും
കോഴിക്കോട് : കുടുംബശ്രീയുടെ ‘തിരികെ സ്കൂളിൽ’ ക്യാമ്പയിന് ജില്ലയിൽ ഞായറാഴ്ച തുടക്കമാകും. കുടുംബശ്രീ രജതജൂബിലിയുടെ പ്രതീകമായി 25 കേന്ദ്രത്തിൽ 25 പ്രമുഖ വനിതകൾ ക്യാമ്പയിൻ ഫ്ലാഗ് ഓഫ് ചെയ്യും. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ജില്ലാ ഉദ്‌ഘാടനം നിർവഹിക്കും. 27,000 അയൽക്കൂട്ടത്തിലെ നാലരലക്ഷം അംഗങ്ങൾ ഡിസംബർ 10 വരെ തീയതികളിൽ ക്യാമ്പയിന്റെ ഭാഗമാകും.
അയൽപക്ക വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഗൃഹാതുരത്വമുണർത്തുന്ന തുടർപഠന പരിപാടി. മുഴുവൻ അയൽക്കൂട്ടം അംഗങ്ങളും ഒരു പകൽ മുഴുവൻ പഠനത്തിന്റെ ഭാഗമാകും. സ്‌കൂൾ അസംബ്ലിക്കുശേഷം അഞ്ച് പിരിയഡുകളിലാണ് ക്ലാസുകൾ. സംഘടനയുടെ അനുഭവപാഠം, അയൽക്കൂട്ടങ്ങളുടെ സ്പന്ദനം കണക്കിലാണ്, കൂട്ടായ്‌മയും ജീവിതഭദ്രതയും നമ്മുടെ സന്തോഷം, പുതിയ അറിവുകൾ, പുതിയ ആശയങ്ങൾ, ഡിജിറ്റൽ കാലം എന്നിവയാണ് വിഷയങ്ങൾ. 1400 അധ്യാപകരാണ് ക്യാമ്പ് നയിക്കുക. 372 വിദ്യാലയങ്ങളിലാണ് പഠനകേന്ദ്രം ഒരുക്കിയത്.
എഴുത്തുകാരികളായ പി വത്സല, ആര്യാഗോപി, ഇന്ദു മേനോൻ, കാനത്തിൽ ജമീല എംഎൽഎ, ഗസൽ ഗായിക റാസ ബീഗം, ബസ് ഡ്രൈവർ അനുഗ്രഹ, കുടുംബശ്രീ സംരംഭക കെ വിജയ തുടങ്ങിയവർ ഉദ്‌ഘാടകരാണ്. ജില്ലയിലെ 202 സ്കൂളിൽ ഞായറാഴ്ച ഉദ്ഘാടനം നടക്കും. ജില്ലാ മിഷൻ കോ -ഓർഡിനേറ്റർ ആർ സിന്ധു, പ്രോഗ്രാം മാനേജർ ടി ഡി ബിജേഷ്, ബിന്ദു ജെയ്സൺ, ഐ റെജുല, എ വിജു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.